യുക്രൈൻ : ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്. മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്.
ഇതിനിടെ ബെലാറൂസിൽ വെച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കി. റഷ്യ യുക്രൈൻ രണ്ടാം ഘട്ട ചർച്ച വൈകാതെ ഉണ്ടായേക്കും. കീഴടങ്ങാനാവശ്യപ്പെട്ട റഷ്യൻ പടക്കപ്പലിനോട് പോയിത്തുലയാൻ പറഞ്ഞ സ്നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ. റഷ്യൻ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ.
യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക്ക് ഐലൻഡ് കാക്കാൻ നിന്ന 13 യുക്രൈനിയൻ ഗാർഡുകൾ ദ്വീപ് പിടിക്കാൻ റഷ്യൻ പടക്കപ്പലെത്തിയപ്പോൾ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുൻപ് കീഴടങ്ങുന്നുണ്ടോയെന്ന കപ്പലിൽ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാൻ പറഞ്ഞവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യൻ ആക്രണണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.
എന്നാൽ യുക്രൈൻ നാവികസേനാ വിഭാഗം ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇവർ ജീവനോടെയുണ്ടെന്ന ശുഭവാർത്ത പറയുന്നത്. എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തിൽ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകർന്നിരുന്നു. പിന്നാലെ അയച്ച സിവിലിയൻ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുക്രൈൻ ആരോപിക്കുന്നു.
സ്വന്തം സൈനികരെ കുരുതി കൊടുത്ത് യുക്രൈൻ കടന്നുകളഞ്ഞുവെന്ന റഷ്യൻ പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും യുക്രൈൻ സേനയുടെ കുറിപ്പിൽ പറയുന്നു. വ്യോമസേനയും പടക്കപ്പലും നിരന്തരം നടത്തിയ ഷെല്ലിങ്ങിലാണ് മറീനുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്നാണ് യുക്രൈൻ വിശദീകരണം. സൈനികരെ വിട്ടുതരണമെന്നാണ് യുക്രൈൻ നിലപാട് യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.
ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎൻ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാർച്ച് 7ന് അകം രാജ്യം വിടാൻ നിർദേശം നൽകിയട്ടുണ്ട്. റഷ്യൻ നയതന്ത്രജ്ഞർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്പൂർണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു. യു എൻ പൊതുസങഭയിൽ ഇന്ത്യ നിലപാട് അറിയിച്ചു. യുക്രൈനിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം. പ്രശ്നങ്ങൾ നയതന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കണം. യുക്രൈനിന് മരുന്ന് അടക്കമുള്ള സഹായം ഇന്ത്യ എത്തിക്കും. പ്രഥമ പരിഗണന ഇന്ത്യൻ പൗരന്മാരെ പുറത്തെത്തിക്കുന്നതിനെന്നും ഇന്ത് യു എൻ പൊതുസഭയിൽ വ്യക്തമാക്കി.
യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷൻ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് യുക്രൈനിന്റെ അതിർത്തിരാജ്യങ്ങളിലേക്കെത്തും. രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. യുക്രൈന് പ്രഖ്യാപിച്ച മരുന്നുൾപ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് ഇന്ത്യയിൽ നിന്ന് തിരിച്ചേക്കും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നും ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ എത്തും. സ്‌പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക. ഇതുവരെ 1396 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്.ഇതിൽ 131 പേർ മലയാളികളാണ്. യുക്രൈനിൽ നിലവിൽ 3493 മലയാളികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് നോർക്ക് റൂട്ട്സിന്റെ കണക്ക്.