സൊളീദാർ : യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. നിപ്രയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സൊളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഇത് യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്. സൊളീദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് ആക്രമണങ്ങൾ റഷ്യ കടുപ്പിച്ചത്.
യുക്രെയ്ൻ തലസ്ഥാനമായ കീവിലും കിഴക്കൻ നഗരമായ ഖർകീവിലും ശനിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. ഖാർകീവ്, ബഖ്മുത് നഗരങ്ങൾ പിടിച്ചെടുക്കാനായി മിസൈൽ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുമെന്ന് യുക്രെയ്‌നിലെ ഊർജ്ജ മന്ത്രി പറഞ്ഞു. നിപ്ര നഗരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരാൻ സാദ്ധ്യതയുണ്ടെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ ആക്രമണത്തെ നേരിടാൻ പാശ്ചാത്യ സഖ്യകക്ഷികളോട് കൂടുതൽ ആയുധ ശേഖരം സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.