മോസ്കോ: മോസ്കോയ്ക്ക് സമീപം നടന്ന ഒരു കാർ സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ മെയിൻ ഓപ്പറേഷൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലിക് ആണ് മരിച്ചത്. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര പ്രതിനിധി ദൂതൻ സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള ക്രെംലിൻ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഒരു സൈനിക ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഷ്ണങ്ങൾ നിറച്ച ഒരു ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ് സ്ഫോടനം ഉണ്ടായതെന്നാണ് റഷ്യൻ അന്വേഷണ സമിതി അറിയിച്ചിരിക്കുന്നത്.
പ്രധാന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കമ്മിറ്റി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. ആക്രമണത്തിന് പിന്നില്‍ യുക്രെയ്ൻ ആണെന്നാണ് റഷ്യ ആരോപിക്കുന്നത്. മോസ്കോ മേഖലയിലെ ബാലശിഖ പട്ടണത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ബോംബ് റിമോട്ട് ഉപയോഗിച്ച് പൊട്ടിത്തെറിച്ചതായി റഷ്യയിലെ നിയമ നിർവ്വഹണ ഏജൻസികളുടെ സ്രോതസ്സുകളുള്ള ഒരു ടെലിഗ്രാം ചാനലായ ബസ പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാർ പൊട്ടിത്തെറിക്കുന്നതും ഇത് പൂർണ്ണമായും കത്തിനശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം കീവ് ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.