കൊച്ചി : വേമ്പനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്ത് ജീവിക്കുന്ന, പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ പ്രശസ്തനായ കുമരകത്തെ എന്‍.എസ് രാജപ്പന്‍ സഹോദരിക്കെതിരെ പരാതിയുമായി രംഗത്ത്. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സഹോദരി ചെത്തുവേലി സ്വദേശിനി വിലാസിനി 5.08 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് രാജപ്പന്‍ നല്‍കിയ പരാതി. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പാരിതോഷികമായി ലഭിച്ച തുകയാണിത്. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ പിന്‍വലിച്ചത്. കൂടാതെ തനിക്ക് സമ്മാനമായി ലഭിച്ച രണ്ട് വളളങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് വിലാസിനിയാണെന്നും രാജപ്പന്‍ പരാതിയില്‍ പറയുന്നു. അതേസമയം രാജപ്പന് വീട് വെക്കാനായി സ്ഥലം വാങ്ങാനാണ് ബാങ്കില്‍ നിന്ന് പണം എടുത്തതെന്നാണ് വിലാസിനി പറയുന്നത്. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്ത് വാങ്ങാന്‍ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പന് വീട് വെച്ച് നല്‍കുമെന്നും അവര്‍ പറഞ്ഞു.
സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. മഞ്ചാടിക്കരിയില്‍ അടുത്തടുത്താണ് രാജപ്പനും വിലാസിനിയും താമസിക്കുന്നത്. പക്ഷാഘാതം മൂലം രണ്ട് കാലുകളും തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍, 2021 ജനുവരി 31നാണ് വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യുന്ന ഭിന്നശേഷിക്കാരനായ എന്‍.എസ് രാജപ്പനെ അഭിനന്ദിച്ചത്.
വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവര്‍ത്തി മാതൃകാപരമാണെന്നും പ്രചോദനപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ നിരവധി പേര്‍ രാജപ്പന് പിന്തുണയുമായെത്തി. സ്വന്തമായി വള്ളവും എന്‍ജിനുമെന്ന സ്വപ്നവും സാക്ഷാത്കരിക്കുകയും നിരവധിപേര്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. പിന്നാലെ തായ്വാന്‍ സര്‍ക്കാരിന്റെ ആദരവും ലഭിച്ചിരുന്നു. തായ്വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍ (ഏകദേശം 730081 രൂപ) അടങ്ങുന്നതുമായിരുന്നു പുരസ്കാരം.