ന്യൂഡൽഹി: അങ്കമാലി ശബരി റെയിൽപാതക്ക് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കേരളത്തിലെ റെയിൽ വികസനത്തിന് പാത ഇരട്ടിപ്പിക്കലാണ് വേണ്ടതെന്ന് അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അങ്കമാലി മുതൽ എരുമേലി വരെയാണ് പദ്ധതി വിഭാവനം ചെയ്തത്. പ്രാരംഭഘട്ടം പിന്നിട്ടപ്പോൾ തന്നെ മുടങ്ങിപ്പോയ ശബരി റെയിൽപാതയ്ക്ക് ഭൂമി ഏറ്റെടുക്കലിന് തടസങ്ങൾ നീങ്ങിയതോടെ വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.
അങ്കമാലി മുതൽ കാലടി വരെ എട്ട് കിലോമീറ്ററിൽ റെയിൽപാത പണിതിട്ടുണ്ടങ്കിലും, കാലടി – പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, മേഖലകളിൽ നിരവധി ഭൂവുടമകൾ മൂന്ന് പതിറ്റാണ്ടുകളായി ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ ദുരിതത്തിലായിരുന്നു. ഇവിടങ്ങളിലെ സർവേ നടന്ന മേഖലകളിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഭൂമി ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്നത്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാനത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും പങ്കെടുത്തു.