തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരിമല റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും
ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് ) ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
പദ്ധതിക്കായി കേന്ദ്ര വിദഗ്ധസംഘം കേരളത്തിൽ എത്തുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദു റഹ്മാന്റെ പ്രഖ്യാപനം മലയോര ജനത കേട്ടത് വളരെ ആവേശത്തിലും ആഹ്ലാദത്തിലും ആണ്.
ശബരി റെയിൽവേ എന്നത് കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി എന്നു മാത്രമല്ല മറിച്ച് രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം വാണിജ്യം തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ. നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിന്റെ ഭൂപടത്തിൽ ഇടംപിടിക്കും നമ്മുടെ മലയോര പ്രദേശം.പദ്ധതി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല. പതിറ്റാണ്ടുകളായി കേരള ജനത നെഞ്ചേറ്റിയ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഉള്ള ഗുണങ്ങൾ സ്വപ്ന തുല്യമാണ്.
നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയിൽപാതയുടെ ആസൂത്രണം. ഇത് ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകുമെങ്കിലും കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നു. വിഴിഞ്ഞം തുറമുഖം പദ്ധതി അതിവേഗം യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നതിനാൽ രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണം. വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെതന്നെ ശബരി റെയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞം വരെ പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണംമെന്നും രാജ്യത്തിന്റെ വികസനത്തിന് വഴിവെയ്ക്കുന്ന ശബരി റെയിൽവേയും ശബരിമല വിമാനത്താവളവും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഹിൽഡെഫ് മുന്നിട്ടിറങ്ങുമെന്നും അശ്വന്ത് ഭാസ്കറും കോ- ഓർഡിനേറ്റർ സക്കറിയ ദത്തോസ് എന്നിവർ പറഞ്ഞു.