തിരുവനന്തപുരം : ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പോലീസ് പിന്‍വലിച്ചു. ശബരിമല ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ ആയിരുന്നു യുവതികള്‍ക്ക് പ്രവേശനമില്ലെന്ന നിര്‍ദ്ദേശം പുറത്തുവിട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നടക്കം എതിര്‍പ്പ് വന്നതോടെ അറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.
ശബരിമല ഓണ്‍ലൈന്‍ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലായിരുന്നു 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്ന് പോലീസ് വകുപ്പ് വ്യക്തമാക്കിയിരുന്നത്. 2018ല്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തിടുക്കം കാട്ടിയിരുന്ന സര്‍ക്കാരിന്റെ കീഴിലെ പോലീസ് വകുപ്പ് തന്നെയായിരുന്നു 2020ല്‍ യുവതി പ്രവേശനം അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് നിലപാട് പരസ്യമാക്കിയതോടെ സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും രംഗത്തെത്തിയതോടെ യുവതി പ്രവേശനം പാടില്ലെന്ന വാചകം വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു.
മുമ്പ് ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മൂന്നാമതായി നല്‍കിയ യുവതി പ്രവേശനത്തിനെതിരായ വാചകം നീക്കം ചെയ്ത് പകരം 61നും 65നും ഇടയില്‍ പ്രായമുള്ള ഭക്തര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം എന്നാക്കി മാറ്റി. യുവതി പ്രവേശനത്തിന് അനുകൂലമായി ആദ്യഘട്ടത്തില്‍ സ്വീകരിച്ച നിലപാട് പിന്നീട് സര്‍ക്കാരിനും ഭരണകക്ഷിക്കും പല വിപത്തുകളും ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ നിലപാട് മാറ്റിയിരുന്നെങ്കിലും അത് പരസ്യമായി വ്യക്തമാക്കിയിരുന്നില്ല. പോലീസ് ഈ കാര്യം പരസ്യമായി വ്യക്തമാക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതോടെ ഈ വിഷയത്തില്‍ സര്‍ക്കാരും പോലീസ് വകുപ്പും വീണ്ടും നാണംകെട്ടിരിക്കുകയാണ്.