പത്തനംതിട്ട : ശബരിമല തീര്‍ഥാടകരുടെ വാഹനം കണമലയ്ക്ക് സമീപം വട്ടപ്പാറയില്‍ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് രണ്ട് വാഹനങ്ങളിലായി മൈസൂരുവില്‍നിന്ന് പുറപ്പെട്ട ഒന്‍പതംഗ സംഘത്തില്‍പ്പെട്ടവരാണിത്. എരുമേലി വഴി പമ്പയിലേക്ക് പോകുകയായിരുന്ന വാഹനം വട്ടപ്പാറയിലെ വളവില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
കര്‍ണാടക സ്വദേശികളായ കെ.മല്ലികാര്‍ജുന്‍ (32), കാര്‍ത്തിക് (25), ചേതന്‍ (25), ദര്‍ശന്‍ (19) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. താഴെയുണ്ടായിരുന്ന വീടിനു സമീപത്തെ ആട്ടിന്‍കൂടിന്റെ മുകളിലേക്കാണ് വാഹനം മറിഞ്ഞത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വാഹനം കുത്തനെ നിന്നത് തടസ്സമായി. മോട്ടോര്‍വാഹനവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇലവുങ്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ ഓഫീസര്‍ പി.ഡി.സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാ പ്രവര്‍ത്തനത്തിനെത്തി. എരുമേലിയില്‍നിന്ന് ക്രെയിന്‍ എത്തിച്ച് വാഹനം പൊക്കിയെടുത്താണ് തീര്‍ഥാടകരെ പുറത്തെടുത്തത്.