ശബരിമല : വൈദ്യുതി ഉപയോഗമില്ലാതെ ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ കുടിവെള്ള വിതരണം. പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ സന്നിധാനത്തും പരിസരങ്ങളിലും പ്രതിദിനം വിതരണം ചെയ്യുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ്.
വൈദ്യുത യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് ഈ ജലവിതരണമെന്നതാണ് പ്രത്യേകത. പാണ്ടിത്താവളം മുതല്‍ നടപ്പന്തലിന് സമീപത്തെ വനം വകുപ്പ് ഓഫീസ് വരെയാണ് ശബരി തീര്‍ത്ഥമെന്ന പേരിലുള്ള ദേവസ്വം ബോര്‍ഡിന്‍റെ കുടിവെള്ള വിതരണം. മലയിലെ നീരുറവയുടെ പ്രകൃതിദത്ത ഒഴുക്കിനെ തടഞ്ഞ് നിര്‍ത്താന്‍ സന്നിധാനത്തിന് മുകളിലായി നിര്‍മിച്ച ചെക്ക് ഡാമിന്‍റെയും വന്‍തോതില്‍ വെള്ളം ശേഖരിക്കാന്‍ പണി തീര്‍ത്ത കൂറ്റന്‍ സംഭരണികളുടേയും സഹായത്തോടെയാണീ ജലവിതരണം.
സന്നിധാനത്തിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള കുന്നാര്‍ ഡാം, നാല് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച ചെക്ക് ഡാം, അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള കുമ്പളം തോട് എന്നിവിടങ്ങളാണ് ഈ പദ്ധതിയുടെ ഉറവിടം. സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത് നിര്‍മിച്ച പത്ത് കൂറ്റന്‍ ടാങ്കുകളിലേക്ക് ഈ മൂന്ന് സ്രോതസുകളില്‍ നിന്നും ഗുരുത്വാകര്‍ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വെള്ളമെത്തിക്കുകയാണ് ആദ്യഘട്ടം. ഇതിന് ശേഷം സ്റ്റോറേജ് ടാങ്കിലേക്ക് വെള്ളം സംഭരിക്കും. അടുത്ത ഘട്ടത്തില്‍ സപ്ലൈ ടാങ്കിലെത്തിച്ച് ക്ലോറിനേഷന്‍ ചെയ്ത ശേഷമാണ് വെള്ളം ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതിനായി 20 ലക്ഷം ലിറ്റര്‍ സംരക്ഷണ കവചമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ദേവസ്വം ബോര്‍ഡിന്‍റെ അസി. എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.