പത്തനംതിട്ട : സന്നിധാനത്ത് രണ്ട് ദിവസവേതനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും. വെള്ളനിവേദ്യം, ശര്‍ക്കരപായസം കൗണ്ടറില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് പേർക്ക് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്.
രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഒരു ദിവസവേതനക്കാരനെ പരിശോധിച്ചപ്പോഴാണ് രോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ഇയാളുടെ മുറിയില്‍ താമസിച്ചിരുന്ന മറ്റു മൂന്നുപേരെക്കൂടി പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഒരാള്‍ക്കുകൂടി രോഗം കണ്ടെത്തിയത്. അതേസമയം മറ്റ് രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
രോഗബാധിതരായ ഇരുവരെയും റാന്നി പെരുനാട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻ്ററിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന മറ്റ് രണ്ടുപേരെ വീടുകളിലേക്ക് മടക്കി അയച്ചു. രോഗബാധ സ്ഥിരീകരിച്ചപ്പോള്‍തന്നെ പ്രസാദകൗണ്ടറും ഇവരുടെ മുറിയും ആരോഗ്യവകുപ്പ് അധികൃതരെത്തി അണുവിമുക്തമാക്കി.
കഴിഞ്ഞ 14ന് ഇവര്‍ സന്നിധാനത്ത് എത്തിയപ്പോള്‍ കോവിഡ്‌നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ഞായറാഴ്ച നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് തീർഥാടകര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തിയിരുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.