പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. വൈകിട്ട് 6:42ന് ദീപാരാധനക്ക് ശേഷം നട തുറന്നപ്പോഴാണ് മകര ജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരം ഇത്തവണ 5000 പേര്‍ക്കേ സന്നിധാനത്ത് മകര വിളക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നുള്ളു.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണം വൈകിട്ട് ആറരയോടെ അയ്യപ്പസന്നിധിയില്‍ എത്തി. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് ആനയിച്ച് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് തിരുവാഭരണ പേടകം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് എറ്റുവാങ്ങി.
തിരുവാഭരണം കണ്ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തി. മഹാ ദീപാരാധനക്ക് ശേഷം നടതുറന്ന 6:42 നായിരുന്നു മകരജ്യോതി തെളിഞ്ഞത്.