കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കുവാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടങ്ങൾ നിയന്ത്രിക്കുവാൻ ആവശ്യമായ യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല. സംസ്ഥാന പാതയിൽ കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള കോന്നി റീച്ചിൽ നിരവധി വാഹനാപകടങ്ങൾ ആണ് നടക്കുന്നത്. കോന്നി മാമൂട്, ചിറ്റൂർ. മുക്ക്, പൂവൻപാറ, വകയാർ, കൂടൽ, കലഞ്ഞൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ വാഹനാപകടങ്ങളിൽ മരണപെട്ടിരിക്കുന്നത്. സംസ്ഥാന പാതയിലെ അപകടങ്ങൾ നിയന്ത്രിക്കുവാൻ സ്ഥിരം അപകട മേഖലയിൽ ക്യാറകൾ സ്ഥാപിക്കുന്ന നടപടികൾ പോലും പൂർത്തിയായില്ല. സംസ്ഥാന പാതയിൽ പലയിടത്തും സീബ്ര ലൈനുകൾ, ക്രോസിംഗ് ലൈനുകൾ എല്ലാം മാഞ്ഞു തുടങ്ങിയിട്ടുണ്ട്. വകയാർ മുതൽ ഉള്ള പലസ്ഥലങ്ങളിലും ഓടക്ക് മേൽ മൂടികൾ സ്ഥാപിക്കുവാൻ ഉണ്ട്. കൂടാതെ കോന്നി സെൻട്രൽ ജംഗ്ഷനിൽ പോലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.
മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം നിരവധി അയ്യപ്പ ഭക്തരാണ് കോന്നി വഴി കടന്നു പോകുന്നത്. എല്ലാ ശബരിമല മണ്ഡല കാലത്തും കോന്നിയിൽ വാഹനാപകടങ്ങൾ അനവധിയാണ്. അമിത വേഗതയും അശ്രദ്ധമായി വാഹനമോടിക്കുന്നതും വാഹനാപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. അയ്യപ്പ ഭക്തർ ഏറ്റവും കൂടുതൽ എത്തുന്ന കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ ഉണ്ട്. സംസ്ഥാന പാതയിൽ അപകടം കുറക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഈ കാര്യങ്ങൾ നടപ്പാക്കിയെങ്കിൽ മാത്രമേ ശബരിമല തീർഥാടനം സുഗമമായി മുന്നോട്ട് പോവുകയുള്ളു.