റാന്നി: സുന്ദര പെരുനാട് പദ്ധതി പ്രകാരം ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് പെരുനാട് പഞ്ചായത്ത്. കൂടാതെ കടവുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈഫ് ഗാർഡുകളെയും നിയമിച്ചു. കഴിഞ്ഞദിവസം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ശബരിമല അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ അറിയിച്ചത്.
കണമലയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്യാമ്പ് ഷെഡ് ഒരുക്കിയിട്ടുണ്ട്. ഇവർക്ക് വിശ്രമിക്കുന്നതിനായി വീടും കണ്ടെത്തി നൽകും. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിൻ്റെ ഭാഗമായി തകരാറിലായ മിനി മാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കും. ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയിൽ തീർത്ഥാടനത്തോടനുബന്ധിച്ച് ബൃഹത്തായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് മടത്തുംമൂഴി മിനി സിവിൽസ്റ്റേഷൻ, പെരുനാട് പോലീസ് സ്റ്റേഷൻ എന്നിവയുടെ പണികൾ എത്രയും വേഗം പൂർത്തീകരിക്കാനും തീരുമാനം ആയി.