തിരുവനന്തപുരം : ശബരിമല മാസ്റ്റർ നടപ്പിലാക്കുന്നതിനുള്ള വനം വകുപ്പിന്റെ തടസ്സങ്ങൾക്ക് പരിഹാരമായതായി അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷന് മറുപടിയായി ദേവസം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ശബരിമല. കാനനക്ഷേത്രമായതിനാൽ ധാരാളം പരിമിതികൾ ഇപ്പോഴും ശബരിമലയിൽ നിലനിൽക്കുന്നുണ്ട്. അതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ദീർഘവീക്ഷണത്തോടുകൂടി തയ്യാറാക്കിയതാണ് ശബരിമല മാസ്റ്റർ പ്ലാൻ. മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണം എന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചത്. വനം വകുപ്പിന്റെ വിവിധ സംയുക്ത പരിശോധനകൾ പൂർത്തിയാക്കുകയും മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയുമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടിയായി അറിയിച്ചു. വനം വകുപ്പ് മന്ത്രിയും വിവിധ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് തടസങ്ങൾ നീങ്ങിയിരിക്കുകയാണ്.
2011- 2012 സാമ്പത്തിക വർഷം മുതൽ സംസ്ഥാന സർക്കാർ ബഡ്ജറ്റ് വിഹിതം നൽകികൊണ്ടാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്. 335 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിൽ 142.5 കോടി രൂപ ചിലവഴിച്ചു. ശബരിമല സന്നിധാനത്ത് ഒരുക്കേണ്ട കാര്യങ്ങൾ, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിച്ചത്. ഈ വർഷം ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന സർക്കാർ 30 കോടി രൂപയാണ് അനുവദിച്ചത്. 2005- 2006 കാലഘട്ടത്തിൽ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രസ്‌ട്രെക്ച്ചർ ലീസ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനത്തെ കൊണ്ടാണ് 2050 വരെയുള്ള ശബരിമലയുടെ സമഗ്ര വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ഈ വർഷത്തെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല മാസ്റ്റർ പ്ലാനിലെ വിവിധ പദ്ധതികൾ പൂർത്തീകരിക്കും എന്നും മന്ത്രി അറിയിച്ചു.