ശബരിമല : ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണര്‍ന്നു. ഇനി വ്രതശുദ്ധിയുടെ തീര്‍ഥാടനകാലം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. ദര്‍ശനത്തിനായി തീര്‍ഥാടകരെ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് കടത്തിവിടുന്നത് വൈകിട്ട് 7 വരെ മാത്രം. രാത്രിയില്‍ വിരിവെച്ച് വിശ്രമിക്കാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിയുന്നവര്‍ അപ്പോള്‍ത്തന്നെ മലയിറങ്ങണം.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് മാസങ്ങള്‍ക്ക് ശേഷം തീര്‍ഥാടക പ്രവേശനം അനുവദിച്ച് ശബരിമലയില്‍ ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 352 പേര്‍ ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സെക്കന്‍ഡുകള്‍ മാത്രം ദര്‍ശനം ലഭിച്ചിരുന്ന സോപാനമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ഭക്തര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ സുഖപ്രദമായ ദര്‍ശന സംവിധാനമാണ് ഇപ്പോള്‍ ശബരിമലയില്‍ ലഭ്യമാകുന്നത്. നെയ്യഭിഷേകത്തിനായി കൊണ്ടു വരുന്ന നെയ്‌ത്തേങ്ങ പ്രത്യേക കൗണ്ടറില്‍ സ്വീകരിക്കും. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രസാദമായി നെയ്യ് സ്വീകരിച്ച് മടങ്ങാവുന്നതാണ്. അപ്പം, അരവണ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നിധാനത്ത് 250, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 200 വീതവും പോലീസുകാരാണ് ഡ്യൂട്ടിക്ക് എത്തിയത്. സന്നിധാനത്ത് ട്രാഫിക് ദക്ഷിണ മേഖല എസ്പി വി. കൃഷ്ണകുമാറും പമ്പ – നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവും സ്പെഷല്‍ ഓഫിസര്‍മാരായി ചുമതലയേറ്റു.