ശബരിമല : ശബരിമല നടവരവില്‍ ഇത്തവണ വന്‍ കുറവ്. മണ്ഡല, മകരവിളക്കിന് നടതുറന്നതിന് ശേഷം വ്യാഴാഴ്ച വരെ 4.53 കോടി രൂപ മാത്രമാണ് നടവരവായി ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ സമയം ലഭിച്ച വരുമാനത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. അതേസമയം ലേലത്തില്‍ പോകാത്ത കടകള്‍ വീണ്ടും ലേലത്തിന് വെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കടകളുടെ ലേലത്തിലും വന്‍ നഷ്ടമായിരുന്നു ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് ശബരിമലയിലെ വരുമാനത്തിലും വന്‍ കുറവുണ്ടാക്കി. മണ്ഡലകാലം തുടങ്ങി 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നടവരവ് 4 കോടി 53 ലക്ഷം രൂപ മാത്രമാണ്. കാണിക്ക, അപ്പം, അരവണ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 91 കോടി രൂപയായിരുന്നു നടവരവ്. നടതുറന്ന് ഇന്നലെ വരെ 40,000 പേര്‍ മാത്രമാണ് ദര്‍ശനം നടത്തിയത്.
അതേസമയം ലേലത്തില്‍ പോകാത്ത മുഴുവന്‍ കടകളും വീണ്ടും ലേലത്തില്‍ വെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ആദ്യഘട്ട ലേലത്തില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വര്‍ഷത്തേക്കാള്‍ വലിയ നഷ്ടം ഉണ്ടായിരുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ അധികം കടകളും ലേലത്തിനെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കടകള്‍ വീണ്ടും ലേലത്തിന് വെക്കാന്‍ തീരുമാനിച്ചത്.
കടകളുടെ ലേലത്തിലൂടെ കഴിഞ്ഞ വര്‍ഷം 46 കോടി രൂപ ലഭിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം 3 കോടി രൂപ മാത്രമാണ് ലഭിച്ചത്. ശബരിമല തീര്‍ത്ഥാടന കാലത്ത് പ്ലാപ്പള്ളി മുതല്‍ സന്നിധാനം വരെ 252 കടകളാണ് ലേലം ചെയ്ത് നല്‍കുക. എന്നാല്‍ ഇത്തവണ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നാമമാത്രമായ കടകള്‍ മാത്രമേ ലേലത്തില്‍ പോയിരുന്നുള്ളൂ. ആദ്യ ഘട്ട ലേലത്തില്‍ പോകാതിരുന്ന 118 കടകള്‍ പുനര്‍ ലേലത്തില്‍ വെയ്ക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.