ശബരിമല : ജീവനക്കാര്‍ക്ക് കടുത്ത പനി, ചുമ, കഫക്കെട്ട് ശബരിമലയില്‍ കാണിക്ക എണ്ണല്‍ പ്രതിസന്ധിയില്‍. ശബരിമല തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് ദര്‍ശനം പൂര്‍ത്തിയാകുമെങ്കിലും കാണിക്ക ഇനത്തില്‍ ലഭിച്ച പണം എണ്ണിയെടുക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. സ്‌പെഷല്‍ ഡ്യൂട്ടിക്ക് എത്തിയ എല്ലാ ദേവസ്വം ജീവനക്കാരും കാണിക്ക എണ്ണുന്നതിനു 10 ദിവസത്തേക്ക് കൂടി തുടരണമെന്നു കാണിച്ച് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവു നല്‍കി. പ്രതിഷേധവുമായി ജീവനക്കാരും രംഗത്ത് എത്തി. മകരവിളക്ക് കഴിഞ്ഞും തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കാണിക്ക വഞ്ചികള്‍ പൊട്ടിച്ച് ചാക്കില്‍ കെട്ടി പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി എത്തിച്ചു. അതിലെ നോട്ടുകള്‍ മാത്രമാണ് എണ്ണിത്തീര്‍ക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചത്. നാണയം എണ്ണുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. മണ്ഡല കാലത്ത് ലഭിച്ച നാണയത്തിന്റെ പകുതിയിലേറെ എണ്ണി എടുത്തിട്ടില്ല. മകരവിളക്ക് കാലത്ത് ലഭിച്ചതും അതുപോലെ കൂടിക്കിടപ്പുണ്ട്. മണ്ഡല കാലത്ത് കാണിക്ക എണ്ണുന്നതിന് ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കാത്തതാണു പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത്. ഹൈക്കോടതി ഇടപെട്ടതിനു ശേഷമാണ് മകരവിളക്കിനു കൂടുതല്‍ ജീവനക്കാര്‍ എത്തിയത്. പഴയ ഭണ്ഡാരവും തുറന്ന് പണം എണ്ണി. എന്നിട്ടും തീര്‍ന്നില്ല. ദേവസ്വം ജീവനക്കാരില്‍ പലര്‍ക്കും പനി, ചുമ, കഫക്കെട്ട് എന്നിവയുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ഇത് ജീവനക്കാരില്‍ കടുത്ത ആശങ്ക ഉണ്ടാക്കി. നാളെ നട അടയ്ക്കുന്നതോടെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയും പൂട്ടും.
വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 10 ദിവസം കൂടി ഇവിടെ ജോലി നോക്കണമെന്ന നിര്‍ദേശം ജീവനക്കാരുടെ കടുത്ത അമര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഇതുവരെ ശബരിമല ഡ്യൂട്ടി നോക്കാതെ മാറി നിന്നവരെ വിളിച്ചുവരുത്തി ഭണ്ഡാരത്തിലെ ജോലി നല്‍കാനും ദേവസ്വം ബോര്‍ഡ് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടുത്ത മാസ പൂജയ്ക്കു 10 ദിവസം മുന്‍പ് ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചു പണം എണ്ണി തീര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നു.