പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത് 1069 ശൗചാലയങ്ങള്‍. കനത്ത മഴയെ തുടര്‍ന്ന് ഒഴുക്ക് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പന്മാര്‍ക്ക് ശുചിയാകുന്നതിന് 60 ഷവര്‍ ബാത്ത് സംവിധാനവും പമ്പ അന്നദാന മണ്ഡപത്തിനു സമീപം സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ സന്നിധാനത്ത് 575ഉം പമ്പയില്‍ 134ഉം നിലയ്ക്കല്‍ 360ഉം ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നിധാനത്ത് വലിയ നടപന്തലിന് കിഴക്ക് ഭാഗത്ത് നാല് ബ്ലോക്കുകളിലായി 150 ഉം, ഭസ്മകുളം ഡീസല്‍ ടാങ്കിന് സമീപം 150 ഉം, പാണ്ടിത്താവളം വച്ച് ടവറിന് സമീപം 80 ഉം, മഗുണ്ടാ അയ്യപ്പാലയത്തിന് സമീപം 75 ഉം സൗജന്യമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ ഉണ്ട്. കൂടാതെ, കൂടാതെ പണം നല്‍കി ഉപയോഗിക്കാവുന്ന 120 ശുചി മുറികളുമുണ്ട്.
പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ എത്തുന്ന സ്വാമി അയ്യപ്പന്‍ റോഡില്‍ സ്ത്രീകള്‍ക്കായി അഞ്ച് മൂത്രപ്പുരകളും പുരുഷന്മാര്‍ക്കായി ആറ് മൂത്രപ്പുരകളും 30 ബയോ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 360 ശുചിമുറികളില്‍ 260 കണ്ടെയ്‌നര്‍ ടോയ്ലറ്റും 100 സ്ഥിര ശുചിമുറികളും ഉണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ശുചിമുറികള്‍ തുറക്കുമെന്നും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണ കുമാര വാര്യര്‍ പറഞ്ഞു.