ശബരിമല : അയ്യപ്പൻറെ ഒരു പാട് വിശേഷണങ്ങളിൽ ഒന്നാണ് അഭിഷേകപ്രിയന്‍ എന്നത് . നെയ്യും, കളഭവും, തേനും, പാലും, പനിനീരും, ഭസ്മവും കരിക്കും, പഞ്ചാമൃതവുമെല്ലാം സ്വാമിയ്ക്ക് ഇഷ്ട അഭിഷേകദ്രവ്യങ്ങളാണ്. എന്നാല്‍ ദീപാരാധന കഴിഞ്ഞാല്‍ പൂക്കളാണ് അയ്യപ്പന് പ്രിയം. ശബരിമല പൂങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യപ്പന് പൂക്കളോടുള്ള ഇഷ്ടംകൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരു പ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്. എല്ലാ പൂക്കളും അയ്യന് ഇഷ്ടമാണെങ്കിലും എട്ടുതരം പുഷ്പങ്ങള്‍ മാത്രമാണ് ശ്രീകോവിലിനുള്ളില്‍ അഭിഷേകത്തിനുപയോഗിക്കുന്നത് . താമര, പനിനീര്‍പൂ, മുല്ല, അരളി, ജമന്തി, തുളസി,, കൂവളം, തെറ്റി എന്നീ പൂക്കളാണ് അഭിഷേകത്തിനുപയോഗിക്കുക. പൂക്കൾക്കായി ശബരി നന്ദനം എന്ന പേരിൽ വലിയൊരു ഉദ്യാനവും ശബരിമലയിലുണ്ട്.
ഒരു വഴിപാടിന് പതിനായിരം രൂപയാണ് തുകയീടാക്കുന്നത്. അഞ്ചു പേര്‍ക്ക് സോപാനത്തില്‍നിന്ന് വഴിപാട് നേരിൽ കണ്ട് തൊഴാനും അവസരം നല്‍കും. പതിനായിരം രൂപ ടിക്കറ്റിനൊപ്പം അഭിഷേകത്തിനുള്ള പൂക്കളും ദേവസ്വംബോര്‍ഡ് ലഭ്യമാക്കും. ഓണ്‍ലൈനായും നേരിട്ടും പുഷ്പാഭിഷേകം ബുക്ക്ചെയ്യാന്‍ സൗകര്യമുണ്ടെന്നും ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിശേഷപ്പെട്ടതുമായ വഴിപാടാണിതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.സുനിൽകുമാർ പറഞ്ഞു. ദീപാരാധന കഴിഞ്ഞാല്‍ അത്താഴപൂജ തുടങ്ങുന്നതുവരെയാണ് പുഷ്പാഭിഷേകസമയം. മുൻപ് ചിലദിവസങ്ങളില്‍ ഇരുന്നൂറുവരെ അഭിഷേകങ്ങള്‍ വഴിപാടായി നടക്കാറുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പുഷ്പാഭിഷേകത്തിനുള്ള ബുക്കിങ് ഏറിവരുന്നുണ്ടെന്നും എഒ പറഞ്ഞു. പുഷ്പാഭിഷേകത്തിന് ബുക്കിങ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.
ദിവ്യദർശനം പുണ്യദർശനം : ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന്
1. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ കൂട്ടത്തില്‍ തിക്കിതിരക്കാതെ സൂക്ഷിക്കുക
2. പോലീസിന്‍റേയും അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അവര്‍ നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
3. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ സ്വാമി അയ്യപ്പൻ പാത മലകയറാൻ തെരഞ്ഞെടുക്കുക. തിരക്കിട്ടു കയറാതിരിക്കുക. സന്നിധാനത്ത് മാസ്കുപയോഗിക്കുക.
4. വെള്ളവും ബിസ്ക്കറ്റും കരുതുക. സന്നിധാനത്ത് ലഭിക്കുന്ന കുടിനീര്‍, ബിസ്ക്കറ്റ് എന്നിവ ഉപയോഗിക്കുക.
5. തേങ്ങ ഉടച്ചശേഷം പതിനെട്ടാംപടി ഓടിക്കയറാതിരിക്കുക. സന്നിധാനത്ത് എത്തി കുഴഞ്ഞുപോകുന്നത് ഒഴിവാക്കാം.
6. സോപാനം പടിയിലേയ്ക്ക് പണം പ്രത്യേകിച്ച് നാണയങ്ങള്‍ വലിച്ചെറിയാതിരിക്കുക, നിങ്ങളെ സഹായിക്കാന്‍ നില്‍ക്കുന്ന പോലീസുകാരെ ഉള്‍പ്പടെ അത് പരിക്കേല്‍പ്പിക്കും.
7. കൂട്ടം തെറ്റാതെ സൂക്ഷിക്കുക, തെറ്റിയാല്‍ ഉടന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, സന്നിധാനത്തെ അനൗണ്‍സ്മെന്‍റ് സംവിധാനം എന്നിവ ഉപയോഗപ്പെടുത്തുക.
8. കേരളാപോലീസ് സാങ്കേതിക സഹകരണത്തോടെ തയ്യാറാക്കിയ ‘ടാഗ്’ പമ്പയില്‍ നിന്നും കുട്ടികള്‍ക്കായി ഉപയോഗപ്പെടുത്തുക. കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താന്‍ ഏറെ സഹായകരമാണിത്.
9. ഏറ്റവും മികച്ച ചികില്‍സാ സംവിധാനം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുണ്ട്, ആവശ്യം വന്നാല്‍ ഉപയോഗപ്പെടുത്തുക.
10. പമ്പയില്‍ നിന്നും നടന്നുവരുമ്പോള്‍ കാടിനുള്ളില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പോകാതിരിക്കുക. ശബരിമലയിലും പരിസരത്തും ചവറുകൾ വലിച്ചെറിയാതിരിക്കുക. ഡസ്റ്റ് ബിന്നുകൾ ഉപയോഗപ്പെടുത്തുക.
11. പമ്പാനദിയിൽ വസ്ത്രങ്ങളും മാലയും ഉപേക്ഷിക്കാതിരിക്കുക.
12. ആശങ്കകള്‍ അസ്ഥാനത്താണ്: ഒരുപാട് കരങ്ങള്‍ നിങ്ങളെ സഹായിക്കാനുണ്ട്. കൈ കോര്‍ക്കുക.