പത്തനംതിട്ട : ഓണ്‍ലൈന്‍ ദര്‍ശനം ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ ദര്‍ശനമാകാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റമുണ്ടാക്കാത്ത തരത്തിലുള്ളതാകണമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനം എന്നത് ഒരു ദര്‍ശന പദ്ധതിയാണ്. ഇതുമാറ്റിമറിക്കാന്‍ പന്തളം കൊട്ടാരവും ഭക്തരും തയ്യാറല്ലെന്ന് നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ പറഞ്ഞു.
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി. ഓണ്‍ലൈന്‍ ദര്‍ശനമെന്നത് വരുംവര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പ്രതികരിച്ചു.
ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനമെന്ന ആലോചന വരുമാനം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അയ്യപ്പസേവാ സമാജം. കോവിഡ് കാലത്ത് വരുമാനത്തിലുണ്ടായ കുറവ് ഓണ്‍ലൈന്‍ ദര്‍ശനം വഴി നേടാമെന്ന കണക്കുകൂട്ടലാണ് ഇരുകൂട്ടര്‍ക്കുമുള്ളതെന്ന് അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ശബരിമലയുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കണം അടുത്ത മണ്ഡലക്കാല തയ്യാറെടുപ്പുകള്‍ നടത്തേണ്ടതെന്ന് ഹിന്ദുസംഘടനാ നേതൃയോഗം ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഹിന്ദുനേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.