റാന്നി : മണ്ണാറക്കുളഞ്ഞി പമ്പ പാതയിൽ കൂനങ്കര ളാഹ മേഖലയിൽ റോഡിലേക്ക് കടും പടപ്പും പടർന്നു നിൽക്കുന്നത് തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. സ്ഥിരം അപകട മേഖലയായ കൊടുംവളവിൽ ഉൾപ്പെടെ ദിശാ ബോർഡുകൾക്ക് മുകളിലേക്ക് വരെ കാട് വളർന്നു പടർന്നിരിക്കുകയാണ്. ളാഹ പുതുക്കട മേഖലയിൽ റോഡിന്റെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലാണ്. ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ള യാത്രക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കും. നട തുറക്കാൻ വെറും 17ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൂടാതെ ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ഈ മാസം 30, 31 ദിവസങ്ങളിലും ശബരിമല നട തുറക്കും.
ശബരിമലയ്ക്ക് പുറമെ ളാഹ, പുതുക്കട, ചിറ്റാർ, നിലയ്ക്കൽ, അട്ടത്തോട് തുടങ്ങിയ മേഖലയിലെ ജനങ്ങൾ പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് എത്തുവാൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. പ്രദേശത്ത് വന്യ മൃഗങ്ങളുടെ ആക്രമണവും പതിവാണ്. റോഡിലേക്ക് കാട് വളർന്നു നിൽക്കുന്നതിനാൽ വളവിൽ ഉൾപ്പെടെ അഴിച്ചുവിട്ടു വളർത്തുന്ന കന്നുകാലികളുടെ ശല്യവുമുണ്ട്. കടുവ ഭീഷണി ഉയർന്നപ്പോൾ ചില കർഷകരെങ്കിലും പശുക്കളെ കെട്ടിയിട്ട് വളർത്താൻ തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പഴയസ്ഥിതിയാണ്. കന്നുകാലികൾ രാത്രിയിൽ റോഡിൽ കിടക്കുന്നത് ഇരുചക്രവാഹനയാത്രികരെ അപകടത്തിൽപ്പെടുന്നതും പതിവാണ്. കടുവ ഭീഷണി ഉള്ളതിനാൽ തോട്ടം മേഖലയിൽ കാടുനീക്കുന്ന ജോലികളും നിലച്ച നിലയിലാണ്.