തിരുവനന്തപുരം : വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ ചന്തവിള യുപിഎസിന് മുന്നിലായിരുന്നു അപകടം. റോഡിൽ അപകടകരമായ നിലയിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലിടിച്ചാണ് അപകടം.
കാറിന്റെ ഇടതു വശത്തിരുന്ന ഗജുലയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.