പന്തളം : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദേവസ്വം ബോർഡിന്റെ പണികളാണ് വേഗത്തിൽ നടക്കുന്നത്. മണ്ഡലകാലാരംഭത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുന്നതരത്തിൽ എല്ലാ ജോലികളും ഒരേപോലെ മുന്നോട്ടുനീങ്ങുന്നുണ്ട്. ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് പന്തളത്ത് കൂടുതൽ പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്. പന്തളത്ത് മാത്രം 76,39,821 രൂപയുടെ പ്രവർത്തനങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. ഇതിൽ 8,64,941 രൂപ പുനരുദ്ധാരണപ്പണികൾക്കും 67,74,880 രൂപ പുതിയ പദ്ധതികൾക്കായുമാണ് വിനിയോഗിക്കുന്നത്. ശൗചാലയം ശുചീകരണം, സെപ്റ്റി ടാങ്ക്, ക്ഷേത്രപുനരുദ്ധാരണം, പന്തൽ, മിനുക്കുപണി, തകരാറിലായ സെപ്റ്റിടാങ്ക് മാറ്റിവെയ്ക്കൽ, തീർഥാടക വിശ്രമകേന്ദ്രം കടമുറുകളാക്കി മാറ്റൽ, അന്നദാനമണ്ഡപത്തിനുസമീപം സെപ്റ്റിടാങ്ക്, അന്നദാന മണ്ഡപത്തിനു താഴെ പാർക്കിങ് മൈതാനത്തേക്ക് റോഡുപണി, അന്നദാന മണ്ഡപത്തിന് ചുറ്റുമതിൽ നിർമാണം തുടങ്ങിയ പണികളാണ് ചെയ്യുന്നത്. ഇതിൽ കടമുറികളുണ്ടാക്കുന്ന പണിയും സെപ്റ്റിടാങ്ക്, പാർക്കിങ് മൈതാനത്തേക്കുള്ള വഴി എന്നിവയാണ് വേഗത്തിൽ ചെയ്യുന്നത്.
കാലാവസ്ഥ അനുകൂലമായാൽ പണി സീസണിന് മുമ്പ് പൂർത്തിയാകുമെന്ന് ദേവസ്വംബോർഡ് മരാമത്തുവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വൺവേ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ വാഹനങ്ങളുടെ പാർക്കിങ്ങിലും ക്ഷേത്രത്തിലേക്കുള്ള റോഡിലെ യാത്രാതടസ്സത്തിനും പരിഹാരമാകുമെന്നാണ് ബോർഡ് കരുതുന്നത്. അന്നദാന മണ്ഡപത്തിനരികിലൂടെ പാർക്കിംഗ് മൈതാനത്തെത്തി പുറത്തേക്കുള്ള ചെറിയ വഴിയിലൂടെ എം.സി.റോഡിലേക്ക് തിരികെയെത്താനാകും. അന്നദാനമണ്ഡപത്തിനരികിലായി സെപ്റ്റിടാങ്ക് പണിത് അതിന് മുകളിൽ ഇരുചക്രവാഹനം പാർക്കുചെയ്യാനുള്ള സൗകര്യവുമൊരുക്കും. പഴയ ശൗചാലയത്തിന്റെ സെപ്റ്റിടാങ്ക് മാറ്റി പുതിയത് വെയ്ക്കുന്ന പണിയും നടന്നുവരുന്നുണ്ട്.