റാന്നി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള വിവിധ മുന്നൊരുക്കങ്ങൾ നവംബർ 5 നകം പൂർത്തീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർദേശം നൽകി. വടശ്ശേരിക്കര, റാന്നി പഞ്ചായത്തുകളിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിലെ കാട് വെട്ടി അപകട സൂചന ബോർഡുകൾ വെയ്ക്കുന്ന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മണ്ണാറക്കുളഞ്ഞി- ചാലക്കയം പാതയിൽ അപകടങ്ങൾ നിരന്തരം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കൂടുതൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. കൂടാതെ ഈ റോഡിൻ്റെ വടശ്ശേരിക്കര ജംഗ്ഷനിലും പരിസരത്ത് ഉണ്ടാകുന്ന ട്രാഫിക് തടസ്സങ്ങൾ പരിഹരിക്കുന്നതിനും കാൽനട യാത്രക്കാർക്ക് സീബ്രാ ലൈനുകൾ വരയ്ക്കുന്നതിനും ദേശീയപാത അതോറിറ്റിയോട് യോഗം നിർദേശിച്ചു. വലിയ പാലത്തിന് ഇരുവശത്തും റെയിലുകൾ സ്ഥാപിച്ച് അപകടം ഒഴിവാക്കാനും നിർദ്ദേശം നൽകി.
പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമീപം പൊതുമരാമത്ത് റോഡിൻ്റെ വശത്ത് അപകടകരമായി ഇട്ടിരിക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ വകയായുള്ള ഡിടിപിസി കെട്ടിടത്തിന് സമീപം സ്ഥാപിച്ച ടോയ്ലെറ്റ് ബ്ലോക്കിന് കൈവരികൾ അടിയന്തരമായി സ്ഥാപിക്കുന്നതിനും ശുചിമുറികളുടെ പൈപ്പുകളുടെ ചോർച്ച ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിന് എതിർവശത്തുനിന്നും വടശ്ശേരിക്കര ടൗണിലേക്ക് എത്തുന്ന പഞ്ചായത്ത് റോഡിൽ വൺവേ ബോർഡ് സ്ഥാപിക്കണം. പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കൂട്ടിയിട്ടിരിക്കുന്ന കെഎസ്ഇബി വൈദ്യുതി തൂണുകള്‍ അടിയന്തരമായി നീക്കം ചെയ്യണം.
വിവിധ കുളിക്കടവുകൾ വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളതായി മേജർ ഇറിഗേഷൻ അറിയിച്ചു. അഞ്ചാം തീയതിക്കകം പ്രവൃത്തികൾ പൂർത്തീകരിക്കും. ഇവിടെ ഹാൻഡ് റെയിൽ ഉൾപ്പെടെ സ്ഥാപിക്കും. കുളിക്കടവുകളിൽ ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. തിരുവാഭരണ പാതയിലും വിവിധ റോഡുകളിലും വൈദ്യുത ബോർഡ് ബൾബുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. രണ്ടുദിവസത്തിനകം പൂർത്തീകരിക്കും. കാരക്കാട് തോട്ടിലെ കാടുവെട്ടി തെളിക്കാൻ മൈനർ ഇറിഗേഷനെ യോഗം ചുമതലപ്പെടുത്തി.
ശബരിമല തീർത്ഥാടനം പ്രമാണിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ അയ്യപ്പഭക്തർക്കായി 10 കിടക്കകൾ പ്രത്യേകം ഒരുക്കിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. മരുന്ന് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാട്ടർ അതോറിറ്റി പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ 90 ശതമാനവും പൂർത്തീകരിച്ചു. പേഴുംപാറ, മണിയാർ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്പെഷ്യൽ ഡ്യൂട്ടിക്ക് ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളായ രാമപുരം ക്ഷേത്രം, ചെറുകാവ് അമ്പലം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ശബരിമല ശുചീകരണ പ്രവർത്തനങ്ങൾക്കായി വടശ്ശേരിക്കര പഞ്ചായത്തിൽ 34 താൽക്കാലിക ശുചീകരണ പ്രവർത്തകരെയാണ് എടുത്തിരിക്കുന്നത്. കടവുകളിൽ നിയോഗിക്കുന്ന ലൈഫ് ഗാർഡുകൾക്ക് ആവശ്യമായ പരിശീലനം ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ നൽകും.
ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി അധികൃതർ കാര്യമായ പരിശോധനകൾ നടത്തും. പ്രധാന ടൗണുകളിൽ ശബരിമല സീസൺ കാലത്ത് ഏതെങ്കിലും ഒരു മെഡിക്കൽ സ്റ്റോർ രാത്രികാലങ്ങളിൽ മുഴുവൻ തുറന്നു വെയ്ക്കാൻ നിർദ്ദേശം നൽകി. കൂടാതെ ഏതെങ്കിലും ഒരു പെട്രോൾ പമ്പും ഇത്തരത്തിൽ തുറന്നു വയ്ക്കും. മാലിന്യ സംസ്കരണത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കും.തിരുവാഭരണ പാതയിലും അനുബന്ധ പാതകളിലും അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടം ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ മോഹൻ, കെ ആർ പ്രകാശ്, സബ് കളക്ടർ സുമിത്ത് കുമാർ ഠാക്കൂർ , പഞ്ചായത്ത് സെക്രട്ടറിമാരായ ജി സുധാകുമാരി, പി ബി സജി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.