പന്തളം : പന്തളത്തെത്തുന്ന ശബരിമല തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന വലിയ പ്രശ്‌നമാകും വാഹന പാർക്കിംഗ്. വലിയ വാഹനങ്ങളിലെത്തുന്നവർ വാഹനം നിർത്താൻ ഇടമില്ലാതെ വലയുന്ന കാഴ്ച സ്ഥിരമാണ്. കൈപ്പുഴയിലെ തീർഥാടക വിശ്രമകേന്ദ്രം കുടുംബശ്രീ കഫേയാക്കിയതോടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലവും നഷ്ടമായി. പന്തളത്തുനടന്ന തീർഥാടന അവലോകനയോഗത്തിൽ കുളനട പഞ്ചായത്ത് പ്രതിനിധികൾ മണ്ഡലകാലത്ത് ഇവിടം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. മാസം ഒരുലക്ഷം രൂപയ്ക്ക് വാടകയ്ക്ക് നൽകി, കുടുംബശ്രീ കഫേയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ചെയ്ത സ്ഥലം വിട്ടുകിട്ടുമോയെന്ന കാര്യം ഉറപ്പില്ല.
ദൂരസ്ഥലങ്ങളിൽ നിന്നും തീർഥാടകരേയും കൊണ്ട് വിവിധക്ഷേത്രങ്ങൾ ചുറ്റി ദർശനത്തിനെത്തുന്നവരും ശബരിമലയ്ക്ക് പോകുംവഴി പന്തളത്ത് ദർശനം നടത്തുന്നവരുമായ തീർഥാടകർ അധികവും എത്തുന്നത് വലിയ വാഹനങ്ങളിലാണ്. ചെറിയ വാഹനങ്ങൾ നിർത്തിയിടാൻ ദേവസ്വം ബോർഡ് നൽകുന്ന സ്ഥലവും പണംകൊടുത്ത് ഉപയോഗിക്കുന്ന പാർക്കിംഗ് മൈതാനവുമുണ്ടെങ്കിലും വലിയവാഹനങ്ങൾ നിർത്താൻ സ്ഥലമില്ല. കൈപ്പുഴ കരയിൽ കുളനട പഞ്ചായത്താണ് ഇതിന് സൗകര്യം ഒരുക്കിയിരുന്നത്. വ്യക്തിയുടെ സ്ഥലം വാടകയ്‌ക്കെടുത്ത് സൗജന്യ പാർക്കിംഗ് ഒരുക്കിയിരുന്ന പഞ്ചായത്ത് തീർഥാടകർക്ക് സൗകര്യമൊരുക്കാൻ പലവഴികളും നോക്കുന്നുണ്ട്.
പന്തളത്ത് രണ്ടുതവണ തീർഥാടന അവലോകനയോഗം നടത്തിയിട്ടും പാർക്കിംഗ് പ്രശ്‌നം ചർച്ച ചെയ്തതേയില്ല. വലിയ വാഹനങ്ങൾ നിലവിൽ നിർത്താനുള്ള സൗകര്യം എം.സി.റോഡിന്റെ അരികാണ്. പൊതുവേ ഗതാഗത തടസ്സമുള്ള പന്തളത്ത് റോഡരികിലെ പാർക്കിംഗ് കൂടിയാകുമ്പോൾ ഗതാഗതം കൂടുതൽ തടസ്സപ്പെടും. വലിയ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലം കണ്ടെത്തുകയെന്നത് പന്തളത്തെ പ്രധാന പ്രശ്‌നമാണ്. കുളനടയിൽ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് ആലോചിക്കാൻ പ്രത്യേകം യോഗം വിളിക്കുന്നുണ്ട്. ഈ യോഗത്തിലെങ്കിലും ഇക്കാര്യം ചർച്ചചെയ്തില്ലെങ്കിൽ പന്തളത്തെ പാർക്കിംഗ് വലിയ പ്രശ്‌നമാകും.