പത്തനംതിട്ട : മണ്ഡല – മകരവിളക്കിനായി ശബരിമല നട തുറന്നിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും ശരണംവിളിയുടെ ആരവങ്ങളില്ലാതെയാണ് ശബരിമലയിൽ ഓരോ ദിനരാത്രങ്ങളും കടന്നു പോകുന്നത്. നാമജപങ്ങള്‍കൊണ്ട് മുഖരിതമാകേണ്ട പൂങ്കാവനത്തില്‍ ഉച്ചഭാഷണിയില്‍ നിന്നുള്ള ശബ്ദം മാത്രമാണ് ഇപ്പോൾ മുഴങ്ങുന്നത്. ശബരിമലയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കാഴ്ച ഇതാദ്യമാണെന്നാണ് മുൻ വർഷങ്ങളെ പോലെ ഇത്തവണ വെർച്വൽ ക്യൂവിൽ ഇടം പിടിച്ച് എത്തിയ തീർത്ഥാടകരുടെ അഭിപ്രായം.
ആദ്യ ദിവസം ദര്‍ശനത്തിന് 1000 പേര്‍ക്കു പുറമേ 250 പേരേകൂടി റിസര്‍വായി ഉള്‍പ്പെടുത്തിയെങ്കിലും വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിന് അനുമതി തേടിയവരില്‍ 993 പേരേ എത്തിയുള്ളൂ. ഒരു മിനിട്ടില്‍ ശരാശരി 90 പേര്‍ പടികയറിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു മിനിട്ടില്‍ രണ്ടു പേരില്‍ താഴെയാണ് കയറുന്നത് . ഒരു മണിക്കൂറില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് കുറഞ്ഞത് 500 തീര്‍ത്ഥാടകരെ കയറ്റുന്നതിനുള്ള എല്ലാ സൗകര്യവും നിലയ്ക്കല്‍ മുതല്‍ ശബരിമല വരെയുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വളരെ കുറവ് ആളുകൾ മാത്രമാണ് എത്തിച്ചേരുന്നത്.
ശബരിമലയില്‍ കടകള്‍ ലേലത്തില്‍ പിടിച്ചവരില്‍ പലരും തുറക്കാന്‍ തയ്യാറാകുന്നില്ല. ജോലിക്കാര്‍ക്ക് കൂലി കൊടുക്കാനുള്ള കച്ചവടം പോലും നടക്കുന്നില്ലെന്നതാണ് കാരണം. തീര്‍ത്ഥാടന പാതയില്‍ ളാഹ മുതല്‍ പമ്പ വരെ അഞ്ച് കടകളേ തുറന്നിട്ടുള്ളൂ. സന്നിധാനത്ത് 3 ടീ സ്റ്റാളുകളാണ് ഭാഗികമായി തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം കര്‍ശന നിയന്ത്രണത്തിലായതിനാല്‍ വരുമാനം കുത്തനെ കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്ക് ദര്‍ശനം നടത്താമെങ്കിലും മറ്റു ദിവസങ്ങളില്‍ 1000 പേര്‍ക്കു മാത്രമാണ് ദര്‍ശനാനുമതി നൽകിയിട്ടുള്ളു. കാണിക്ക വഞ്ചിയിലെ കുറവ് കാരണം കഴിഞ്ഞ ദിവസമാണ് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ആരംഭിച്ചത്. അപ്പം അരവണ കൗണ്ടറുകള്‍ മിക്കപ്പോഴും വിജനമാണ്
ദേവസ്വം ബോർഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാൻ സാധ്യതയുണ്ടെന്ന് ശബരിമല ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. കൂടുതൽ തീർത്ഥാടകർക്ക് ദർശനാനുമതി നൽകാൻ പദ്ധതിയുണ്ടെന്നും വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ ലഭിച്ച ശേഷം ഈ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ഈ വാക്കുകൾ എല്ലാവരും ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.
ഇതിനിടയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതും മണ്ഡല-മകരവിളക്ക് കാലയളവിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. അതേ സമയം കൂടുതൽ തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സർക്കാർതല ചർച്ച അടുത്ത ദിവസം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.