റാന്നി : ശബരിമല യാത്രികരുടെ പ്രധാന ഇടത്താവളമായിരുന്ന ളാഹ കെ.എസ്.ആര്‍.ടി.സി ഒഴിവാക്കിയ തീരുമാനം പുനപരിശോധിക്കണ മെന്നാവശ്യവുമായി പെരുനാട് പഞ്ചായത്ത്. ഇതു സംബന്ധിച്ച് പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് മോഹനന്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. കെ.എസ്.ആര്‍.ടി.സി ബസിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ വരുമ്പോഴും പോകുമ്പോഴും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രധാനമായും ആശ്രയിക്കുന്ന സ്ഥലമായിരുന്നു ളാഹ.
ശബരിമല റൂട്ടിലെ അവസാനത്തെ ജനവാസ മേഖലയായ ളാഹ പ്രധാന ഇടത്താവളവുമായിരുന്നു. ഹോട്ടലുകളും വിവിധ വ്യാപാരസ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും ശബരിമല തീര്‍ത്ഥാടകരെ ആശ്രയിച്ച് ഇവിടുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ ഇവരുടെ വരുമാനമാണ് നിലച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ പത്തനംതിട്ട ഡിപ്പോ ശബരിമല ഹബ്ബായി ഉയര്‍ത്തിയതോടെയാണ് ളാഹയെ ഒഴിവാക്കിയത്. വലിയ കയറ്റം കയറി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലം കഴിഞ്ഞാല്‍ പിന്നെ നിബിഢ വനമാണ്. പമ്പയില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പത്തനംതിട്ടയില്‍ മാത്രമെ നിര്‍ത്താവുയെന്നാണ് പുതിയ ഉത്തരവ്.
പത്തനംതിട്ടയില്‍ നിന്നു പുറപ്പെടുന്ന ബസ് നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തി മാത്രമെ തീര്‍ത്ഥാടകരെ ഇറക്കാനും കഴിയു. ഇതു ലംഘിച്ച് ളാഹയില്‍ ബസ് നിര്‍ത്തിയ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയ സംഭവമുണ്ടായി. ബസുകള്‍ നിര്‍ത്താതായതോടെ ഉണ്ണിയപ്പവും, മുറുക്കും, പൈനാപ്പിളും കരിക്കും അടക്കം ചെറുകിട കച്ചവടം ചെയ്തിരുന്നവര്‍ക്കിത് തിരിച്ചടിയായി. കോവിഡ് കാലത്തെ ശബരിമല സീസണ്‍ വലിയ പ്രതീക്ഷയോടെ കണ്ടിരുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാണ്. ഈ വിവരങ്ങള്‍ കാട്ടി സ്ഥലവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയത്.