പത്തനംതിട്ട : ഇന്ന് പമ്പയിൽ ചേർന്ന ശബരിമല അവലോകനയോഗം വെറും പ്രഹസനമായിരുന്നുവെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ദശലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ശബരിമല തീർത്ഥാടനം സമാനതകൾ ഇല്ലാത്ത ദുരന്തമാണ് സമ്മാനിച്ചത്. കാലങ്ങളായി സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ചിരുന്ന അയ്യപ്പസേവാസംഘം പോലുള്ള സംഘടനകളെ മനപ്പൂർവ്വം ഒഴിവാക്കി പതിനെട്ടും ഇരുപതും മണിക്കൂർ ക്യൂവിൽ നിന്ന് തളർന്നു നിന്ന അയ്യപ്പഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിഞ്ഞില്ല. ക്യൂവിൽ നിന്ന് കുഴഞ്ഞുവീണ ഒരു പെൺകുട്ടി മരണപ്പെട്ടു.
കൊച്ചുകുട്ടികളും പ്രായമായ മാതാപിതാക്കളുമായി ശബരിമലയിൽ എത്തിയ അനേകം പേർക്ക് സമാനതകളില്ലാത്ത പ്രയാസങ്ങളാണ് ഉണ്ടായത്. ആവശ്യത്തിനു ള്ള പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല. ശബരിമല സീസണ് മുൻപ് ശബരിമലയിലേക്കുള്ള റോഡുകളെല്ലാം നന്നാക്കുക എന്ന നടപടികൾ അട്ടിമറിക്കപ്പെട്ടു. നിരവധി അയ്യപ്പഭക്തർ അയ്യപ്പ ദർശനം സാധ്യമാകാതെ ഇടയ്ക്കുവെച്ച് മലയിറങ്ങി തീർത്ഥാടനം അവസാനിപ്പിച്ച് തിരിച്ചുപോയി. ഈ പ്രവർത്തനങ്ങൾ എല്ലാം ഏറ്റവും മാതൃകാപരവും ഇത് ഇനിയും തുടരുമെന്നുമാണ് ദേവസ്വം മന്ത്രിയും ഭരണകക്ഷിയിലെ എംഎൽഎമാരും പറഞ്ഞത്. കഴിഞ്ഞ തീർത്ഥാടന കാലത്തെ ഒരു പോരായ്മകളും ചർച്ചചെയ്യാതെ പുകഴ്ത്തലുകൾ നടത്തി പിരിഞ്ഞു. ശബരിമല അവലോകനയോഗം വീഴ്ചകൾ കണ്ടെത്തുവാനോ, തിരുത്തുവാനോ തയ്യാറാകാത്ത പ്രഹസനമായി മാറിയെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.