പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്കു ദര്‍ശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്നു ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം ജി രാജമാണിക്യം. ശബരിമലയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിനു ശേഷം ക്രമീകരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റിലെ പോലെയുള്ള അപകടസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടു തന്നെ തിരക്ക് ശ്രദ്ധയോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്കു കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വെര്‍ച്ച്വല്‍ ക്യു വഴിയുള്ള സന്ദര്‍ശനം 80,000 ആയി ചുരുക്കിയത് ഭാവിയിലെ തിരക്ക് ക്രമീകരണം സുഗമമാക്കും. സ്‌പോട്ട് ബുക്കിംഗ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ലുമേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം ഭക്തരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേരെയാണ് കയറ്റാന്‍ സാധിക്കുക.
ഈ സീസണില്‍ എത്തിചേരുന്നവരില്‍ പ്രായമായവരും കുട്ടികളും മുപ്പതു ശതമാനത്തോളമാണ്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മണിക്കൂറില്‍ 3800 – 3900 പേരെയെ കയറ്റാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ – നിലയ്ക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത്. സന്ദര്‍ശകരെ ബുദ്ധിമുട്ടിക്കാതെ സ്‌പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്യും. ഭക്തര്‍ക്ക് നടപ്പന്തലിലും ക്യൂ കോപ്ലക്സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കുന്നതിനു പാര്‍ക്കിംഗ് സൗകര്യം കൃത്യമായി തന്നെ ക്രമീകരിക്കും. ഭക്തജനങ്ങള്‍ക്കായി സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. സന്നിധാനം പമ്പ എന്നിവിടങ്ങളിലായി 2300 ടോയ്‌ലറ്റുകള്‍ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പുലര്‍ച്ചെ ശബരിമല സന്നിധാനത്തെ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.