പത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 14ന് വൈകുന്നേരം അഞ്ചിന് തുറക്കും. 15ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് പാസ്സ് ലഭിച്ചവരെയും മാത്രമെ ഇക്കുറിയും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഭക്തര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
പ്രതിദിനം പതിനായിരം പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണം കയ്യില്‍ കരുതാന്‍. ഉത്രം മഹോത്സവവും മാസപൂജകളെ തുടര്‍ന്ന് നടക്കും.19ന് രാവിലെ 7.15നും 8നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. ഉത്സവബലിയും ശീവേലി എഴുന്നെള്ളത്തും സേവയും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
27ന് രാത്രി പളളിവേട്ട. 28ന് രാവിലെ ആറാട്ട് എഴുന്നെള്ളിപ്പ്. ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ആറാട്ട്. 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിന് തുറക്കും. 14നാണ് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 18ന് നട അടയ്ക്കും.