തിരുവനന്തപുരം : ശബരിമല ക്ഷേത്രം തുറക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തി. ശബരിമലയില്‍ അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി എന്‍ നാരായണ വര്‍മ്മ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ ജൂണ്‍ മുപ്പത് വരെ തിരുമല ക്ഷേത്രത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിന്‍ തിരുമല ദേവസ്വം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ജൂണ്‍ മുപ്പത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കില്ല.
തിരുവനന്തപുരത്ത് പദ്‌മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കമുള്ള ദേവസ്വം ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂണ്‍ 30 വരെ തുടരാന്‍ തീരുമാനിച്ചു. നിത്യപൂജകള്‍ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണിത്.