ശബരിമല : ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ശനിയാഴ്ച (14)വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിക്കും. ഇടവം ഒന്നായ 15.5.2022 ന് പുലര്‍ച്ചെ 5 മണിക്ക് നിര്‍മ്മാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും. 19 ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂബുക്കിംഗിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.
പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിംഗ് റൂഫ് നിര്‍മ്മിക്കും
ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിംഗ് റൂഫ് നിര്‍മ്മിക്കും. ആവശ്യമുള്ളപ്പോൾ മാത്രമായിരിക്കും ഈ മേൽക്കൂര ഉപയോഗിക്കുക. ഫോൾഡിംഗ് റൂഫ് നിര്‍മ്മാണത്തിനായി 53 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ ചെലവ് വഹിക്കാമെന്ന് ഒരു സ്വകാര്യ കമ്പനി അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണം ശക്തമായി നടക്കുന്നുണ്ടെന്നും ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ സർക്കാരെടുക്കുന്നു എന്ന് അപവാദം പ്രചരിപ്പിക്കുകയാണെന്നും അനന്തഗോപൻ വ്യക്തമാക്കി.
അനന്തഗോപൻ്റെ വാക്കുകൾ –
കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ ബോർഡിന് 140 കോടി രൂപ നൽകിയെങ്കിലും ഭക്തരിൽ തെറ്റിദ്ധാരണ പടര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കാനുളള ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ അൻപതോളം ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വന്തം വരുമാനം കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളത് മറ്റുള്ളവയെ ദേവസ്വം ബോർഡാണ് നിലനിർത്തുന്നത്. ദേവസ്വം മരാമത്ത്, നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ പെരിനാട് വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചാൽ ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന നിലയുണ്ടാവും. ശബരിമല വെർച്വൽ ക്യു നടത്തിപ്പ് ബോർഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധിയിൽ സർക്കാരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് വ്യക്തമാക്കി.