പത്തനംതിട്ട : ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ഈ മണ്ഡല മകരവിളക്ക് കാലത്തും നടപ്പാക്കാന്‍ സാധ്യതയില്ല. കൈയേറ്റം ഒഴിപ്പിക്കണമെന്ന് രണ്ടു വര്‍ഷം മുമ്പാണ് ജില്ലാ കലക്‌ടര്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. പാത വീണ്ടെടുക്കാന്‍ സര്‍വേ നടത്തിയതല്ലാതെ നടപടികള്‍ മുന്നോട്ടുപോയില്ല. പത്ത് സെന്റ് മുതല്‍ ഇടത്താവളങ്ങളുടെ രണ്ടേക്കര്‍ വരെ കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പന്തളം മുതല്‍ ശബരിമല ളാഹ വരെയുള്ള പുറമ്പോക്ക് വിഭാഗത്തില്‍പ്പെട്ട ഭൂമിയാണ് വ്യക്‌തികള്‍ കൈയേറിയിരിക്കുന്നത്. ഇവിടെ വഴിയും കൃഷിയും കെട്ടിടങ്ങളുമായി. 1999 ല്‍ നടന്ന ഹൈന്ദവ സംഘടനകളുടെ യോഗത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതി രൂപീകരിച്ച് പാത വീണ്ടെടുക്കാനുള്ള സമരങ്ങളും നിയമപോരാട്ടവും ഇപ്പോഴും തുടരുകയാണ്. അഡ്വ. ഹരിദാസ് ചെയര്‍മാനായും പ്രസാദ് കുഴികാല ജനറല്‍ കണ്‍വീനറായും വി.കെ രാജഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനുമായ സമിതിയാണ് രൂപീകരിച്ചത്.
അന്നത്തെ ജില്ലാ കലക്‌ടര്‍ ടി.ടി ആന്റണിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ സര്‍വേ നടത്തി കൈയേറ്റം കണ്ടെത്തി പ്ലാനും സ്‌കെച്ചും ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൈയേറ്റക്കാരുടെ പട്ടികയും തയാറാക്കി. പക്ഷേ നടപടികള്‍ പിന്നീട് നിലച്ചു. കൈയേറ്റ മേഖല ഒഴിയണമെന്ന് ആവശ്യപ്പെട്ട് അടൂര്‍, തിരുവല്ല ആര്‍.ഡി.ഒമാരുടെ നേതൃത്വത്തില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒഴിയാമെന്ന് കൈയേറ്റക്കാര്‍ ആര്‍.ഡി ഓഫീസുകളില്‍ എഴുതി നല്‍കുകയും ചെയ്‌തു. അവരില്‍ പത്ത് ശതമാനം മാത്രമാണ് സ്ഥലം വിട്ടുകൊടുത്തത്. തുടര്‍ന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചു. പാത പൂര്‍ണതോതില്‍ സ്വതന്ത്രമാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഒരു സര്‍വേ നമ്പര്‍ എഴുതി ഒന്നിലേറെ പേര്‍ക്ക് ഒരു നോട്ടീസ് നല്‍കിയത് ഒഴിപ്പിക്കല്‍ നടപടി വൈകിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2009 ഡിസംബര്‍ 31ന് മുമ്പ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടിരുന്നു.
സ്ഥലം അളന്ന് കൈയേറ്റക്കാരുടെ പട്ടിക തയാറാക്കി. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പന്തളം മുതല്‍ ളാഹ വരെയുള്ള 550 സ്ഥലങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശം നടപ്പാക്കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിപ്പിക്കില്‍ നീട്ടിക്കൊണ്ടു പോവുകയാണ്. തിരുവാഭരണപാത വീണ്ടെടുക്കാന്‍ വീണ്ടും പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി. പ്രസാദ് കുഴിക്കാല പറഞ്ഞു.