സബരിമല : ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണമെന്ന് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് നാളെ (ഒക്ടോബര്‍ 21) സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ് ധര്‍ണ്ണ ഉത്ഘാടനം ചെയ്യും.
നിലക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ത്ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് കടകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികള്‍ നല്‍കിയത്. കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരക്ഷണ ചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലകാലാവസ്ഥയിലും ഉണ്ടായ നഷ്ടം എന്നിവ പലരെയും ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.
വരുന്ന തീര്‍ത്ഥാടന കാലത്ത് 1000 പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി നല്‍കൂ എന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നടപടികളില്‍ നിന്നും പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ വ്യാപാരികള്‍ നാളെ സമരവുമായി സെക്രട്ടറിയേറ്റ് നടയില്‍ എത്തുന്നത്. ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ജി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഭാരവാഹികളായ ജെ. ജയകുമാര്‍, അബ്ദുല്‍ സലീം, പി. ആര്‍. രാജേഷ് തുടങ്ങിയവര്‍ സമരത്തിന് നേത്രുത്വം നല്‍കും.