ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല. 9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ശിവസേന കേസ് ഉൾപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി. ശബരിമല ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ഇവയാണ്:
1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം?
2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്ന് വിവക്ഷിക്കുന്നത് എന്ത്?
3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?
4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?
5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം ‘ഹിന്ദു’ എന്നതിന്‍റെ നിർവചനം എന്ത്?
6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ ‘ഒഴിച്ചുകൂടാത്ത ആചാര’മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?
7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.