കൊച്ചി : ഒരിടവേളക്കുശേഷം ട്വന്റി 20 ചീഫ് കോഓഡിനേറ്ററും കിറ്റക്സ് ഗാര്‍മെന്റ്സ് എം.ഡിയുമായ സാബു എം. ജേക്കബിനും കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിനുമിടയില് പോര് കനക്കുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിലെ സംവാദത്തിനിടെയാണ് സാബു ജേക്കബ് വീണ്ടും എം.എല്‍.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയത്. കുന്നത്തുനാട് എം.എല്‍.എ തന്റെ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണെന്നും എതിര്‍പ്പുകളുണ്ടായാല്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകുമെന്നുമായിരുന്നു സാബുവിന്റെ പ്രസ്താവന. ഇതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി ശ്രീനിജിനുമെത്തി. സാബുവിന്റെത് പാച്ച്വര്ക്കിനുള്ള ശ്രമമാണെന്നും നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ശ്രമമാണിതെന്നും അദ്ദേഹം പരിഹസിക്കുന്നു.
മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും വിമര്‍ശിച്ചിരുന്ന കോഓഡിനേറ്റര്‍, അതില്‍ മാറ്റം വരുത്തി സി.പി.എം ജില്ല നേതൃത്വത്തെയും തന്നെയും വിമര്‍ശിക്കുന്നതിലുള്ള അതിബുദ്ധി മനസ്സിലാകുന്നുണ്ടെന്നും എം.എല്‍.എ കുറിച്ചു. മൂന്ന് മാസം മുമ്പുപറഞ്ഞ നിലപാടുകളില്നിന്നെല്ലാം വളരെ പിന്നോട്ടുപോയിരിക്കുകയാണ് ട്വന്റി 20 ചീഫ് കോഓഡിനേറ്റര്‍. പാര്‍ട്ടി ഒരിക്കലും വ്യവസായങ്ങള്‍ക്കെതിരല്ല, പക്ഷെ, വ്യവസായി അരാഷ്ട്രീയവാദിയും ഏകാധിപതിയുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ശ്രീനിജിന്‍ വ്യക്തമാക്കി. കേരളം നിക്ഷേപസൗഹൃദമല്ലെന്ന ആരോപണമുന്നയിച്ച്, കിറ്റക്സ് ഗ്രൂപ് തെലങ്കാനയില്‍ കോടികളുടെ നിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും ഇതിനെ പ്രതിരോധിച്ചെത്തിയെങ്കിലും സാബു ജേക്കബ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.