തിരുവനന്തപുരം : റോഡപകടങ്ങള്‍ കുറയ്ക്കാനായി കൊട്ടിഘോഷിച്ച് തുടങ്ങിയ സെയ്ഫ് കേരള പദ്ധതി ഒന്നര വർഷം കഴിഞ്ഞിട്ടും കടലാസിൽ തന്നെ ഒതുങ്ങുന്നു. ജില്ലാ കണ്‍ട്രോള്‍ റൂമുകൾ ഇതുവരെ തുടങ്ങിയില്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പ്രത്യേക വാഹനങ്ങൾ പോലും വാങ്ങിയില്ല.
നാലായിരത്തിലധികം ജീവനുകളാണ് പ്രതിവർഷം കേരളത്തിലെ നിരത്തുകളിൽ പൊലിയുന്നത്. 2020 ഓടെ റോഡപകടങ്ങൾ അമ്പത് ശതമാനം കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് സേഫ് കേരള പദ്ധതി പ്രഖ്യാപിച്ചത്. ഒന്നര വർഷം മുമ്പായിരുന്നു പ്രഖ്യാപനം. 14 ജില്ലാ കേന്ദ്രങ്ങളിലും അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് നിയമലംഘനങ്ങള്‍ പിടികൂടുക. സ്കൂള്‍ ബസ്സുകളിലും സമാന്തര വാഹനങ്ങളിലുമെല്ലാം ജിപിഎസ് സ്ഥാപിച്ച് നിരീക്ഷിക്കുക. രാത്രിയും പകലുമില്ലാതെ നിരത്തുകളിൽ നിയമലംഘകരെ പിടികൂടുക. ട്രാഫിക് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. പോലീസ് ആരോഗ്യ- എക്സൈസ് വകുപ്പുകളെ ഏകോപിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരത്ത് സേയ്ഫ് കേരള പദ്ധതിക്കായി അനുവദിച്ച കെഎസ്ആർടിസിയുടെ കെട്ടിടത്തിലെ പഴയ ആർടി ഓഫീസിൽ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥർക്ക് ഇരിക്കാൻ ഒരു കസേര പോലുമില്ല. സേയ്ഫ് കേരളക്കായി 65 മോട്ടോർ വെഹിക്കള്‍ ഇൻസ്പെക്ടർമാരും 155 അസി.മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരും പരിശീലനം പൂർത്തിയാക്കി. എൻഫോഴ്സ്മെന്‍റിനായി പ്രത്യേകം ആർഡിഒമാരെയും നിയമിച്ചു. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ ആകെ നടക്കുന്നത് റോഡിൽ നിന്നുള്ള പെറ്റിയടി മാത്രമാണ്. ഉദ്യോഗസ്ഥർക്ക് വാഹനങ്ങള്‍ വാടയ്ക്കെടുത്ത് നൽകാനുള്ള ടെണ്ടർ നടപടികളും പൂർത്തിയായിട്ടില്ല.
പദ്ധതിക്ക് പണം നൽകേണ്ടത് റോഡ് സേഫ്റ്റി അതോററ്റിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം അതോറിറ്റിക്കിപ്പോള്‍ പണവുമില്ല. അവിനാശി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പദ്ധതി വേഗത്തിലാക്കാനാണ് ശ്രമം. ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ടെണ്ടർ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.