കൊച്ചി: യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം ഒളിപ്പിച്ച ഫ്‌ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. ഫ്‌ളാറ്റില്‍നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍ സംശയകരമായി പലതും തോന്നുണ്ട്. ആളുകള്‍ സ്ഥിരമായി വന്നുപോകുന്നതിന്റെയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ ഫ്‌ളാറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്‍ക്കണിയില്‍ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമായ അര്‍ഷാദിനെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ കൊച്ചിയില്‍നിന്ന് മുങ്ങിയ അര്‍ഷാദിനെ ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായ അര്‍ഷാദ് ‘നോര്‍മല്‍ കണ്ടീഷനില്‍’ അല്ലെന്നായിരുന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രതികരണം. ഇയാളെ ചോദ്യംചെയ്യുന്നത് കാസര്‍കോട്ട് തുടരുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫ്‌ളാറ്റുകളിലും താമസസ്ഥലങ്ങളിലും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല. സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും പോലീസിനെ അറിയിച്ചില്ല.
അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പോലീസിനെ അറിയിക്കണം. അറിയിച്ചാല്‍ പോലീസ് റെയ്ഡ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയില്‍ മാത്രമല്ല, എല്ലായിടത്തും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും കമ്മീഷണര്‍ പ്രതികരിച്ചു. പോലീസ് ഇവിടെ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്. താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.