പന്തളം: ലഹരി ഉപയോഗത്തോടൊപ്പം മൊബൈലിന്റെ അതിപ്രസരവും നമ്മുടെ കുട്ടികളെ കാര്‍ന്നു തിന്നുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പന്തളത്ത് ലഹരി ഉപയോഗത്തിന് എതിരെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കല്‍ സംവിധാനം ചെയ്ത ഹ്യസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് ഒപ്പം രക്ഷിതാക്കളും മൊബൈലിന്റെ നിരന്തര ഉപയോക്താക്കളാണ്. നമ്മുടെ വീടുകളില്‍ പാചകം അന്യം നിന്നതായും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗം കുട്ടികളെയും ഈ വഴിക്ക് തിരിച്ചു വിടുകയാണ്. ഇവിടെയാണ് മയക്കുമരുന്നു ലോബി പിടിമുറുക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം മൊബൈല്‍ ഉപയോഗത്തിലൂടെ മയക്കുമരുന്നു ലോബിയുടെ പിടിയില്‍ അകപ്പെടുന്നു. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കുട്ടികളെ എത്തിക്കുകയാണ് ഈ ലോബി ചെയ്യുന്നത്. കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍ പേഴ്‌സന്‍ സുശീലാ സന്തോഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, എംജി വിജയകുമാര്‍, തുമ്പമണ്‍ പഞ്ചായത്ത് അംഗം സുനു വര്‍ഗ്ഗീസ്, ഡോ സുമിത്രന്‍, ഡോ. ബിനോ ഐ കോശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംവിധായകന്‍ രഘു പെരു പുളിക്കല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റജി പത്തിയില്‍ നന്ദിയും രേഖപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കണ്ണന്‍ സാഗര്‍, സുഭാഷ് പന്തളം തുടങ്ങിയവരാണ് ഹൃസ്വ ചിത്രത്തിന്റെ അഭിനേതാക്കള്‍. പൂഴിക്കാട് ഗവ.യുപി സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍, നാഗേശ്വര നൃത്ത വിദ്യാലയം ഉള്‍പ്പെടെയ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളും ഹൃസ്വ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രഘു പെരുമ്പുളിക്കല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൃസ്വ ചിത്രമാണിത്. പ്രകാശ് പുന്തല നിര്‍മ്മിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് അടൂര്‍ ആണ്. അന്തരിച്ച കോന്നിയൂര്‍ രാധാകൃഷ്ണന്‍ 1971 ല്‍ രചനയും സംഗീത സംവിധാനം നിര്‍വ്വഹിച്ച പൂമ്പാറ്റകള്‍ പറക്കട്ടെ എന്ന ഗാനത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.