തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിനു ചുമതലപ്പെടുത്തണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ആരാകണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു തീരുമാനിക്കാം. അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതു തിരുത്തിയാണ് കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവ് ഇറങ്ങിയത്. മന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സജി ചെറിയാന് ക്ലീൻചീറ്റ് നൽകിക്കൊണ്ടുള്ള പോലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി തുടരന്വേഷണത്തിനു ഉത്തരവിട്ടത്. പോലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശവും നൽകിയിരുന്നു. പിന്നാലെയാണ് ഡിജിപി ഉത്തരവിറക്കിയത്.
പോലീസിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടായിയെന്ന് റിപ്പോർട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി വിലയിരുത്തി. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുന്തം കുടച്ചക്രം എന്നീ വാക്കുകൾ എതു സാഹചര്യത്തിലാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. ഫോറൻസിക് പരിശോധനയില്ലാതെയാണ് പോലീസ് റിപ്പോർട്ടെന്നും കോടതി വിലയിരുത്തി. പ്രസംഗം ഭരണഘടനാ ലംഘനമില്ലെന്ന പോലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.