തിരുവനന്തപുരം : കമ്യൂണിസ്റ്റ് പ്രസ്ഥാനം തീഷ്ണ സമരത്താല്‍ ഉഴുതുമറിച്ച ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം പിണറായി സര്‍ക്കാരിലെ ഏക സി.പി.എം പ്രതിനിധിയാണ് വിവാദ പ്രസംഗത്തില്‍ പുലിവാല് പിടിച്ച് പുറത്തേക്ക് പോയത്. സംഘടനാപരമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന സജി ചെറിയാന്റെ രാജി, ആലപ്പുഴ ജില്ലയ്ക്ക് തെല്ലൊരു അമ്പരപ്പുമായി.
അസാധാരണ വേഗമായിരുന്നു പാര്‍ലമെന്ററി രംഗത്തുള്ള സജിയുടെ വളര്‍ച്ചയ്ക്ക്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടര വര്‍ഷത്തോളം മാത്രം സാമാജികനായിരുന്ന സജി, അടുത്ത സര്‍ക്കാരില്‍ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പിന്‍ഗാമിയായി മന്ത്രി പദവിയിലെത്തി. നിയമസഭയില്‍ അതിന്റേതായ തലയെടുപ്പില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതും.
ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്രിക്കല്‍ ഓഫീസര്‍ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965 ലാണ് ജനനം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എസ്.എഫ്.ഐയില്‍ ആകൃഷ്ടനായി. കാല്‍ നൂറ്റാണ്ട് കെ.എസ്.യു കുത്തകപ്പാട്ടത്തിലാക്കിയിരുന്ന മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി.
തിരുവനന്തപുരം ലാ അക്കാഡമിയില്‍ നിന്ന് നിയമ വിദ്യാഭ്യാസം. 1980ല്‍ സി.പി.എം അംഗമായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1995ല്‍ മുളക്കുഴ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സ്‌പോര്‍ട്സ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2001ല്‍ പാര്‍ട്ടി ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായി.
2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മത്സരിച്ചെങ്കിലും പി.സി വിഷ്ണുനാഥിനോട് 5321 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ 2018 ലെ ഉപതിരഞ്ഞെടുപ്പില്‍ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2021ല്‍ കോണ്‍ഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവ് എം.മുരളിയെ തോല്‍പ്പിക്കുമ്പോള്‍ സജിയുടെ ഭൂരിപക്ഷം 32,093 വോട്ടുകളായി വര്‍ദ്ധിച്ചു. ക്രിസ്റ്റീനയാണ് ഭാര്യ. മക്കള്‍ : ഡോ.നിത്യ, ഡോ.ദൃശ്യ, എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ശ്രവ്യ.