തിരുവനന്തപുരം : കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത്.
കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് കെജിഎംഒഎ അഭിപ്രായപ്പെട്ടു. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി പ്രോത്സഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളംകൂടി പിടിച്ചെടുക്കുന്നത് ശരിയല്ലെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.
അന്യായമായി ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനയായ എൻജിഒ അസോസിയേഷനും അറിയിച്ചു. നേരത്തെ ഒരു മാസത്തെ ശമ്പളം പല ഗഡുക്കളായി പിടിക്കുന്ന സാലറി ചലഞ്ച് നടപ്പാക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് പിടിച്ച് അങ്ങനെയാകെ മുപ്പത് ദിവസത്തെ ശമ്പളം മൊത്തമായി പിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
The post സാലറി ചലഞ്ചിനെതിരെ സർക്കാർ ഡോക്ടർമാർ ; കോടതിയെ സമീപിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന appeared first on Pathanamthitta Media.