പത്തനംതിട്ട : സംവരണ അട്ടിമറിക്കെതിരെ സമസ്ത സംസ്ഥാന സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10 ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് സമസ്ത ഭാരവാഹികള്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നും ഇരുപത്തി അയ്യായിരം ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുവാൻ സമസ്താലയത്തിൽ കൂടിയ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും യോഗം തീരുമാനിച്ചു.
സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നോക്ക വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് കേരള സർക്കാർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഒപ്പുകൾ ശേഖരിക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ നിഷേധിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കേരള ജനസംഖ്യയിൽ രണ്ടോ മൂന്നോ ശതമാനം മാത്രം ഉള്ളവർക്ക് വേണ്ടി എല്ലാ വിഭാഗങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പിന്നോക്കക്കാർക്ക് വിവിധ തസ്തികകളിൽ രണ്ടും മൂന്നും ശതമാനം മാത്രം നൽകുന്നത് കടുത്ത അനീതിയാണ്. ഈഴവ സമുദായമുൾപ്പെടെയുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളും ഈ അനീതി അനുഭവിക്കുന്നുണ്ട്. സമരപരിപാടികൾക്ക് രൂപം നൽകുന്നതിനായി ജില്ലയിൽ സമസ്ത സംവരണ സംരക്ഷണസമിതി രൂപീകരണവും നടന്നു.
യോഗം സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം. ഷെരീഫ് ദാരുമി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് ബാഖവി, സിറാജുദ്ദീൻ വെള്ളാപ്പള്ളി, ഷാനവാസ് അലിയാർ, അൻസാരി മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പിൽ, ഷിബു പൂവൻപാറ, ഹാഷിം റഷീദ്, ആഷിക് അഷറഫ്, ആഷിക് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
സമസ്ത സംവരണ സംരക്ഷണ സമിതി ഭാരവാഹികളായ അബ്ദുൽ റഷീദ് ബാഖവി (മുഖ്യരക്ഷാധികാരി) അബ്ദുൽ ഖാദർ ദാരുമി (രക്ഷാധികാരി) എം. മുഹമ്മദ് സാലി (ചെയർമാൻ), സിറാജുദ്ദീൻ വെള്ളാപ്പള്ളി (ജനറൽ കൺവീനർ), തൗഫീഖ് കൊച്ചുപറമ്പിൽ (ട്രഷറർ) അൻസാരി മുഹമ്മദ് ഷാനവാസ് അലിയാർ, അബ്ദുൽ റഹ്മാൻ ഫൈസി (വൈസ് ചെയർമാൻമാർ) ഇബ്രാഹിം കുട്ടി, സിയ മജീദ്, ഷിബു പൂവൻപാറ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു .