മുംബൈ : നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ സമീര്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപ്പെട്ടതിന് തെളിവായി എന്‍സിബി ഉദ്യോഗസ്ഥന്‍ അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു. ബോളിവുഡ് താരങ്ങളില്‍നിന്ന് സമീര്‍ വാങ്കഡെ പണം തട്ടിയതായും നവാബ് മാലിക് ആരോപിച്ചു.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍റെ ജാമ്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെക്കെതിരെ ആക്രമണം കനപ്പിച്ച് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകള്‍ ഉള്‍പ്പെടെ 26 കേസുകളില്‍ സമീര്‍ വാങ്കഡെ നിയവിരുദ്ധമായി ഇടപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.
നവാബ് മാലിക് പുറത്തുവിട്ട കത്ത് ലഭിച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍സിബി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ആര്യന്‍ ഖാനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സമീര്‍ വാങ്കഡെയും മറ്റ് ചിലരും ചേര്‍ന്ന് ഷാറുഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ ഒരു സാക്ഷി വിചാരണക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ എന്‍സിബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.
സമീര്‍ വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ജോലി നേടിയതെന്ന ആരോപണവും കഴിഞ്ഞ ദിവസം നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ലഹരിമരുന്ന് കേസിലെ അന്വേഷണത്തില്‍ സമീര്‍ വാങ്കഡെയെ മാറ്റിയേക്കുമെന്നാണ് സൂചന. ഇതിനിടെ സമീര്‍ വാങ്കഡെ എന്‍സിബിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തി ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.