ന്യൂഡൽഹി : കഴിഞ്ഞ ഡിസംബർ വരെ ബിജെപിയുടെ യുട്യൂബ് ചാനലിൽ പിൻ ചെയ്തുവച്ചൊരു വീഡിയോ ക്ലിപ്പുണ്ടായിരുന്നു. തൃണമൂൽ നേതാക്കൾ കൈക്കൂലി വാങ്ങുന്നത് വെളിപ്പെടുത്തിയ സ്റ്റിങ് ഓപ്പറേഷന്റെ വീഡിയോ. ഡിസംബറിൽ അമിത് ഷായുടെ നേതൃത്വത്തിൽ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ ആ വീഡിയോ കാണാതായി.
സുവേന്ദു അധികാരിയാണ് ബംഗാളിൽ ബിജെപിയുടെ പുതിയ മുഖവും കണ്ണിലുണ്ണിയും. നന്ദിഗ്രാമിൽ മമതയെ തോൽപിച്ചു വന്ന സുവേന്ദുവിനെ പ്രതിപക്ഷ നേതാവാക്കി ബിജെപി. നാരദ കൈക്കൂലിക്കേസിൽ പ്രതികളായ 12 പേരിൽ മുഖ്യപേരുകാരാണ് സുവേന്ദുവും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റും എംഎൽഎയുമായ മുകുൾ റോയിയും.
സംഭവം നടക്കുമ്പോൾ എംപിമാരായിരുന്ന ഇരുവർക്കുമെതിരെ നടപടിക്ക് അനുമതി തേടി രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കർക്കും സിബിഐ കത്തു നൽകിയിട്ട് ഒരുവർഷത്തിലേറെയായിട്ടും പ്രതികരണമുണ്ടായിട്ടില്ല. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിലും മുകുൾ റോയിക്കെതിരെ ആരോപണമുയർന്നിരുന്നു. അതേ സമയം ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് ഒരു ദിവസം മുമ്പ് എംഎൽഎമാരെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതാണ് കേസിൽ രാഷ്ട്രീയക്കളിയുണ്ടെന്ന ആരോപണത്തിന്റെ കാതൽ.
ബംഗാളിൽ ബിജെപി ഗവർണറിലൂടെ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ ആരോപിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഇന്നലെ തൃണമൂൽ നേതാവ് കല്യാൺ ബാനർജി ഗവർണറെ വിശേഷിപ്പിച്ചത് ‘പേപ്പട്ടി’ എന്നാണ്. മുകുൾ റോയിക്കും സുവേന്ദുവിനുമൊപ്പം ബിജെപിയിലേക്കു ചാടിയ കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജിക്കു പക്ഷേ, കേന്ദ്രത്തിന്റെ തണൽ കിട്ടിയതുമില്ല. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം ബിജെപിയിൽ നിന്നു രാജിവെച്ചിരുന്നു.
പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കിലും വരുംനാളുകളിൽ ബംഗാൾ സർക്കാർ നേരിടേണ്ടി വരുന്നതിന്റെ സാംപിൾ വെടിക്കെട്ടാണിതെന്ന് കരുതുന്നവരാണ് ഏറെയും. ഇന്നലെ മമത സിബിഐ ഓഫിസിൽ പ്രതിഷേധിക്കുമ്പോൾ ഗവർണർ ജഗ്ദീപ് ധൻകർ ട്വീറ്റ് ചെയ്തതിൽ അതിന്റെ സൂചനകളുണ്ട്. ‘കൊൽക്കത്തയിൽ സമ്പൂർണ നിയമരാഹിത്യവും അരാജകത്വവുമാണു കണ്ടത്. ഇത്തരമൊരു അവസ്ഥയുണ്ടാകുന്നതിന്റെയും ഭരണഘടനാ സംവിധാനങ്ങൾ പരാജയപ്പെടുന്നതിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ചിന്തിക്കണം – ഗവർണർ പറഞ്ഞു.