കോട്ടയം : തമിഴ്നാട്ടില്‍ നിന്ന് കോട്ടയത്തു വന്നു മടങ്ങിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
നാമക്കലില്‍ നിന്ന് മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കോട്ടയത്തെത്തിയത്. സംക്രാന്തിയില്‍ രണ്ടു കടകളിലും അയര്‍കുന്നത്തും മണര്‍കാടും ഓരോ കടകളിലും കോട്ടയം മാര്‍ക്കറ്റില്‍ നാലു കടകളിലും ലോഡിറക്കി. ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്‍റൈയിനിലാക്കുകയും ചെയ്തിരുന്നു.
അതേസമയം കൂത്താട്ടുകുളത്ത് ലോഡിറക്കിയ ശേഷമാണ് വാഹനം കോട്ടയത്തേക്ക് എത്തിയത്. ഇതോടെ കൂത്താട്ടുകുളം നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നഗരത്തിലെ ഹൈസ്ക്കൂൾ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചു. മുട്ടക്കട ഉടമയെയും ജീവനക്കാരെയും വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിരുന്നു.