തിരുവനന്തപുരം : വനിതാ മത്സ്യത്തൊഴിലാളികള്‍ പോലീസിന്റെയും നഗരസഭാ അധികൃതരുടെയും അടിയും ചവിട്ടും ഏറ്റുവാങ്ങുമ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ സൌജന്യ യാത്രാ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. വനിത മത്സ്യ വില്‍പ്പന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് പാളയം മാര്‍ക്കറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ നാളിലാണ് ആറ്റിങ്ങലില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ മത്സ്യ വില്‍പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത്. സുഖമില്ലാത്ത ഭര്‍ത്താവിന് മരുന്നു വാങ്ങാനുള്ള കാശിനായി മത്സ്യ വില്‍പ്പനയ്ക്കിറങ്ങിയ അല്‍ഫോന്‍സക്കും കഴിഞ്ഞ ദിവസം പോലീസിന്റെ പീഡനം ഏല്‍ക്കേണ്ടി വന്നു. രണ്ടു ദിവസം മുമ്പ് കരമനയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ മരിയ പുഷ്പം എന്ന മറ്റൊരു മത്സ്യ വില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിരുന്നു.
ആദ്യസംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നടപടിയുണ്ടായെങ്ങിലും നഷ്ടപ്പെട്ട പതിനായിരത്തോളം രൂപ തിരികെ ലഭിക്കുന്നതിനുള്ള നടപടിയൊന്നും ആയിട്ടില്ല, കരമനയില്‍ മീന്‍ കുട്ട മരിയ തന്നെ തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന കണ്ടുപിടുത്തവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടിയും പാതിവഴിയില്‍ നില്‍ക്കുകയാണ്. ഈ സമയത്താണ് പിണറായി വനിതാ മത്സ്യ വില്‍പ്പനക്കാര്‍ക്കായി യാത്രാസൗകര്യം എന്നപേരില്‍ സമുദ്ര പദ്ധതി ആരംഭിക്കുന്നത്.
മത്‌സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്പോള്‍ നേരിടുന്ന യാത്രക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ആരംഭിക്കുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മൂന്ന് ലോ ഫ്‌ളോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക.
24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മത്‌സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്‌ളാറ്റ്‌ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.