ചെന്നൈ: ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോദ്ധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പോലീസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ പ്രകോപനപരമായ ആഹ്വാനം.
പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. അതേസമയം, സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്ക് 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം.