റാന്നി : ശബരിമല മേൽശാന്തിമാരെ നിയമിക്കുമ്പോൾ യഥാർഥ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് സനാതന പുരോഹിത സമാജം ആവശ്യപ്പെട്ടു. അപേക്ഷകന്റെ യോഗ്യത നിർണയിക്കുന്നത് അഭിമുഖത്തിലൂടെ മാത്രമാണ്. യോഗ്യത ഉറപ്പാക്കുവാൻ യോഗ്യതാ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ വിജ്ഞാപനത്തിൽ ആവശ്യപ്പെടണം. മലയാളബ്രാഹ്മണരിൽനിന്നു മാത്രമേ മേൽശാന്തി അപേക്ഷ ദേവസ്വം ബോർഡ് സ്വീകരിക്കാറുള്ളു. സ്വീകരിക്കപ്പെടുന്ന അപേക്ഷകരിൽ മലയാള ബ്രാഹ്മണരിൽപ്പെടുന്ന ഇളയത്, നമ്പ്യാതിരി, എമ്പ്രാന്തിരി തുടങ്ങിയ ബ്രാഹ്മണരുടെ അപേക്ഷകൾപോലും നിരസിക്കും.
മലയാള ബ്രാഹ്മണരായി ദേവസ്വം അംഗീകരിക്കുന്നത് ആരെയൊക്കെയാണെന്ന് മേൽശാന്തി വജ്ഞാപനത്തിൽ വ്യക്തമാക്കണം. ഈ ആവശ്യമുന്നയിച്ച് സനാതന പുരോഹിത സമാജം ജനറൽ സെക്രട്ടറി പിരളി പരമേശ്വൻ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി സൂരജ് ആദിശേഷ, അനിൽ ഗംഗാധര ശർമ എന്നിവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നിവേദനം നൽകി. ശബരിമല മേൽശാന്തി നിയമനത്തിൽ നിലനില്ക്കുന്ന യാഥാസ്ഥിതിക ജാതിമേൽക്കോയ്മയുടെ ഫലമായി അയോഗ്യരായവർ ശബരിമല മേൽശാന്തിയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ജാതി പരിഗണനയ്ക്ക് അതീതമായി നിശ്ചിത യോഗ്യത അടിസ്ഥാനമാക്കിയുള്ള മേൽശാന്തി നിയമനം സാദ്ധ്യമാക്കണം എന്നും ഭാരവാഹികൾ പറഞ്ഞു.