പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ കടമാൻപാറ സംരക്ഷിത ചന്ദനത്തോട്ടത്തിൽ നിന്നും പലപ്പോഴായി ചന്ദനം മുറിച്ച കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ വനപാലകർ അറസ്റ്റ് ചെയ്തു. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ മൂന്ന് അണ്ണാതെരുവിൽ ഡോർ നമ്പർ 4-4-8ൽ മണികണ്ഠൻ (27), അജിത്കുമാർ (22), ഡോർ 4-4-48ൽ എം. കുമാർ (35) എന്നിവരാണ് പിടിയിലായത്. അടുത്ത കാലത്തായി ചെറുതും വലുതുമായി നിരവധി ചന്ദനം കടമാൻപാറയിൽ നിന്നും മോഷണം പോയിരുന്നു. ചന്ദനത്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറ ദൃശ്യങ്ങളും മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പുളിയറയിൽ നിന്നും ഇവർ പിടിയിലായത്.
തെന്മല ഡി.എഫ്.ഒ ഷാനവാസിന്‍റെ നിർദേശത്തിൽ തെന്മല, ആര്യങ്കാവ് റേഞ്ചിലെ സേനാംഗങ്ങളുടെ പ്രത്യേക സംഘമാണ് നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും ചന്ദനമുട്ടികളും മാരാകായുധങ്ങളും കണ്ടെടുത്തു. സംസ്ഥാനത്തെ വിസ്തൃതിയിൽ രണ്ടാമത്തെ സംരക്ഷിത ചന്ദനത്തോട്ടമാണ് കടമാൻപാറയിലേത്. തമിഴ്നാട് അതിർത്തി ചേർന്നുള്ള ഈ തോട്ടത്തിൽ നിന്നും നിരന്തരം ചന്ദനം കൊള്ള ചെയ്യുന്നുണ്ട്. തമിഴ്നാട് വനഭാഗത്ത് കുടി മാരകായുധങ്ങളുമായി കൊള്ളസംഘം കടമാൻപാറയിൽ എത്തി ചന്ദനം മുറിച്ചു കടത്തുകയാണ് പതിവ്. ചന്ദനം കൊള്ള നടത്തുന്നതിന് കർക്കുടി കേന്ദ്രീകരിച്ച് നിരവധി സംഘങ്ങൾ സജീവമാണ്.